തിരുവനന്തപുരം: പാർട്ടിക്കെതിരായ ശശി തരൂരിന്റെ വിമർശനങ്ങൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുമ്പോൾ തരൂരിന്‍റെ ന്യായമല്ലാത്ത ആവശ്യങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുധാരണ.
എന്നാൽ തനിക്ക് പാർട്ടിക്കുള്ളിൽ കൂടുതൽ പരിഗണന വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം വിലയിരുത്താനും കോൺഗ്രസ് നേതൃത്വം മുതിർന്നേക്കും.
തരൂർ പാർട്ടി വിടാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കുന്നുണ്ട്. തരൂരിനോട് ആശയവിനിമയം നടത്തണമെന്ന് ചില നേതാക്കൾ കെ.സി വേണുഗോപാലിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മധ്യവർഗ സമൂഹത്തിൽ നിന്നും തനിക്ക് സംസ്ഥാനത്താകെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് വിലയിരുത്തിയ തരൂർ രണ്ടും കൽപ്പിച്ചാണ് പോരിന് ഇറങ്ങിയിട്ടുള്ളത്. തനിക്ക് സംസ്ഥാനത്തെ ഭൂരിഭാഗം നിയോജക മണ്ഡലങ്ങളിലും നിശ്ചിത ശതമാനം വോട്ട് ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം കരുതുന്നു.
അതുകൊണ്ട് തന്നെ താൻ ഇടഞ്ഞാൽ പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫ് ദുർബലമാവുമെന്ന് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താനാണ് തരൂരിന്റെ ശ്രമം. എന്നാൽ അത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വളങ്ങേണ്ടതില്ലെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ തീരുമാനം.
മുമ്പ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുന ഖാർഗെയുടെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ശേഷം തനിക്ക് പാർട്ടിക്കുള്ളിൽ ലഭിച്ച പിന്തുണ മുതലെടുത്ത് തരൂർ 2022 ൽ ഒരു നീക്കം നടത്തിയിരുന്നു. കോഴിക്കോട് എം.പി എം.കെ രാഘവൻ അന്ന് അദ്ദേഹത്തിനൊപ്പം ഉറച്ച് നിൽക്കുകയും ചെയ്തു. തരൂരിന്റെ നീക്കം തടയാൻ അന്നും കോൺഗ്രസിലെ ഉന്നത നേതൃത്വം രംഗത്തിറങ്ങിയിരുന്നു.
അതിന്റെ ഭാഗമായി കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളികളുമെന്ന പരിപാടിയിൽ നിന്നും ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പിന്മാറുകയായിരുന്നു. തുടർന്ന് ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയാണ് അന്ന് പരിപാടി നടത്തിയത്.
2023 ൽ മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്തു തരൂർ നടത്തിയ പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞത് താൻ രാഷ്ട്രീയത്തിൽ അനുഭവിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പ്രയോഗം.
സമാന്തര വിഭാഗീയ പ്രവർത്തനങ്ങൾ ഏത് ഉന്നതന്റെ ഭാഗത്ത് നിന്നുണ്ടായാലും വെച്ചു പൊറുപ്പിക്കില്ലെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ സൂചി കുത്തിയാൽ പൊട്ടും, ഞങ്ങളൊന്നും അങ്ങനെ പൊട്ടിപ്പോകുന്നവരല്ലെന്നുമുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസ്താവനയും അന്ന് കോൺഗ്രസിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തെ കലക്കി മറിച്ചിരുന്നു.
എന്നാൽ നിലവിൽ ഭൂരിഭാഗം നേതാക്കളും തരൂരിശെന്റ നിലപാടിനെതിരാണ്. പക്ഷേ അവരൊന്നും അദ്ദേഹം പാർട്ടി വിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുമില്ല. അതേ നിലപാടില്‍ തന്നെയാണ് പ്രവര്‍ത്തകരും എന്നതാണ് ഇത്തവണ പാര്‍ട്ടിയുടെ ആശ്വാസം. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോള്‍ തരൂരിനൊപ്പമായിരുന്നു പ്രവര്‍ത്തകര്‍.
പാര്‍ട്ടിക്കപ്പുറം വോട്ട് സമാഹരിക്കാന്‍ തനിക്ക് കഴിയുമെന്ന തരൂരിന്‍റെ പ്രസ്താവനയും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. സംസ്ഥാനത്ത് വിജയിച്ച കോണ്‍ഗ്രസ് – യു ഡി എഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് വോട്ടുവിഹിതം ലഭിച്ചതു തരൂരിനായിരുന്നു, അതും കോണ്‍ഗ്രസ് കാലങ്ങളായി വിജയിക്കുന്ന തിരുവനന്തപുരത്ത്.
സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരിലും കാസര്‍കോഡും പാലക്കാടും പോലും മുക്കാല്‍ ലക്ഷവും ഒരു ലക്ഷത്തിന് മുകളിലുമായിരുന്നു ഭൂരിപക്ഷം. അതേസമയം തിരുവനന്തപുരത്ത് ബിജെപിക്കെതിരെ സിപിഎം വോട്ടുകള്‍ കൂടി വീണിട്ടും തരൂര്‍ കഷ്ടിച്ചാണ് കടന്നുകൂടിയത്.