കോഴിക്കോട്: സ്റ്റെന്റ്, കോയിൽ തുടങ്ങിയ സാധനങ്ങളുടെ വിതരണം ഏജൻസികൾ നിർത്തിയതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്റർവെൻഷൻ റേഡിയോളജി യൂനിറ്റിൽ വിവിധ ചികിത്സകൾ മുടങ്ങി. സ്റ്റെന്റ്, കോയിൽ വിതരണക്കാർക്ക് 11 മാസത്തെ കുടിശ്ശികയായി ആറുകോടി രൂപയാണ് ആശുപത്രിയിൽനിന്ന് ലഭിക്കാനുള്ളത്. ഇതോടെ ഏജൻസികൾ വിതരണം നിർത്തിവെക്കുകയായിരുന്നു. ഇവ ലഭിക്കാതായതോടെ ചികിത്സ കാത്തുകിടക്കുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തതായി കൂട്ടിരിപ്പുകാർ അറിയിച്ചു.
അയോർട്ടിക് അന്യൂറിസത്തിനുള്ള എൻഡോവാസ്കുലാർ ചികിത്സ, പെരിഫറൽ വാസ്കുലാർ ഇന്റർവെൻഷൻ, തലച്ചോറിലെ രക്തസ്രാവത്തിനുള്ള അനൂറിസം കോയിലിങ്, ഡയാലിസിസിനായി സ്ഥാപിച്ച ഫിസ്റ്റുലയിലെ തടസ്സം നീക്കാനുള്ള നൂതന ചികിത്സ തുടങ്ങിയവയാണ് മുടങ്ങിയത്. സ്വകാര്യ ആശുപത്രികളിൽ അഞ്ചും ആറും ലക്ഷം രൂപ ചെലവു വരുന്ന ചികിത്സകളാണ് മുടങ്ങിയത്.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്കാണ് അനൂറിസം കോയലിങ് ചികിത്സ നടത്തുന്നത്. നേരത്തെ തലയോട്ടി തുറന്നുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ മാത്രമാണ് ഇതിനായി നടത്തിയിരുന്നത്. എന്നാൽ, അനൂറിസം കോയിലിങ് ചികിത്സ നടത്തുന്നതിലൂടെ മറ്റു സങ്കീർണതകൾ ഒഴിവാക്കാനും വേഗത്തിൽ രോഗമുക്തി നേടാനും കഴിഞ്ഞിരുന്നു. ദിനംപ്രതി മൂന്നും നാലും എൻഡോവാസ്കുലാർ ശസ്ത്രക്രിയകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നിരുന്നു.
ഹൃദയത്തിൽനിന്ന് രക്തം പമ്പ് ചെയ്യുന്ന അയോർട്ട ധമനി ശക്തി കുറഞ്ഞ് വീർത്തുവരുന്ന അയോർട്ടിക് അന്യൂറിസത്തിന് ശസ്ത്രക്രിയ കൂടാതെ കാലിലെ രക്തധമനി വഴി സ്റ്റെന്റ് കടത്തിവിട്ടാണ് എൻഡോവാസ്കുലാർ അയോർട്ടിക് റിപ്പയർ നടത്തിയിരുന്നത്. കാസ്പ്, മെഡിസെപ് തുടങ്ങിയവ ഉള്ളവർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചിരുന്നു. ഇത് പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്നു.
സംസ്ഥാനത്ത് ഗവ. മെഡിക്കൽ കോളജിൽ കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലാണ് ഇത്തരം ചികിത്സകൾ നടത്തിയിരുന്നത്. അതിനാൽതന്നെ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സ തേടിയിരുന്നത്. കുടിശ്ശിക ലഭിച്ച ശേഷം മാത്രമേ ഇനി സാധനങ്ങൾ നൽകാൻ സാധിക്കൂവെന്ന നിലപാടിലാണ് വിതരണക്കാർ.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1