‘രാജകുമാരന് യാത്രയയപ്പ് കൊടുത്തപ്പോൾ നിങ്ങള്‍ രാജാവിനെ മറന്നു’, അര്‍ബ്രാര്‍ അഹമ്മദിനെ പൊരിച്ച് പാക് ആരാധകര്‍

ദുബായ്: പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റെടുത്തശേഷം പാക് സ്പിന്നര്‍ അര്‍ബ്രാര്‍ അഹമ്മദ് നല്‍കിയ യാത്രയയപ്പിനെ വിമര്‍ശിച്ച് പാക് ആരാധകര്‍. പാകിസ്ഥാൻ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. ഷഹീന്‍ ഷാ അഫ്രീദി രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 100 റണ്‍സിലെത്തിച്ച് വിജയത്തിന് അടിത്തറയിട്ടു. ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറിയോട് അടുക്കുമ്പോഴായിരുന്നു അര്‍ബ്രാര്‍ അഹമ്മദ് ഗില്ലിനെ വീഴ്ത്തിയത്. 52 പന്തില്‍ 46 റണ്‍സെടുത്ത ഗില്ലിനെ അര്‍ബ്രാര്‍ ബൗള്‍ഡാക്കുകയായിരുന്നു. ഗില്ലിന്‍റെ വിക്കറ്റെടുത്തശേഷം അര്‍ബ്രാര്‍ ഇരുകൈകളും കെട്ടി നിന്ന് ഗില്ലിനോട് കണ്ണുകള്‍ കൊണ്ട് കയറിപോകാന്‍ പറയുന്ന വീഡിയോ ആണ് പാക് ആരാധകരെ ചൊടിപ്പിച്ചത്.

രാജകുമാരനെ പുറത്താക്കിയത് ആഘോഷിച്ചപ്പോള്‍ നിങ്ങള്‍ അപ്പുറത്ത് നില്‍ക്കുന്ന രാജാവിനെ മറന്നു എന്നായിരുന്നു ആരാധകരുടെ കമന്‍റ്. ഗില്‍ അടിച്ച സെഞ്ചുറിയുടെ അത്രയും പോലും നിങ്ങള്‍ കളിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്ന് മറ്റൊരു ആരാധകൻ എക്സ് പോസ്റ്റില്‍ കുറിച്ചു. ടൂര്‍ണമെന്‍റിന് പുറത്തേക്കുള്ള വഴിയാണ് അര്‍ബ്രാര്‍ കണ്ണുകൊണ്ട് കാണിക്കുന്നതെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ മറുപടി. ഗില്‍ പുറത്തായശേഷം ക്രീസില്‍ നിന്ന വിരാട് കോലി അപരാജിത സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്‍റെ വിജയലക്ഷ്യം ഇന്ത്യ 42.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin