വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്കായി അമേരിക്ക ഫണ്ട് നല്‍കിയെന്ന വിവാദത്തില്‍ ഇന്ത്യയെ വിടാതെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തി. ഇന്ത്യക്ക് സാമ്പത്തിക സഹായം ആവശ്യമില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പണം നല്‍കുന്നത് അനാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. 
ഇന്ത്യ യുഎസിനെ ‘മുതലെടുക്കുകയും’ ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുകയും ചെയ്യുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു.കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) സംസാരിച്ച ട്രംപ് പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു. 
ഇന്ത്യയെ അവരുടെ തിരഞ്ഞെടുപ്പുകളില്‍ സഹായിക്കുന്നതിന് 18 മില്യണ്‍ ഡോളര്‍! .പഴയ പേപ്പര്‍ ബാലറ്റുകളിലേക്ക് എന്തുകൊണ്ട് നമ്മള്‍ പോകുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ സഹായിക്കട്ടെ. വോട്ടര്‍ ഐഡി നല്ലതല്ലേ? ഇന്ത്യക്ക് പണം ആവശ്യമില്ല- ട്രംപ് പറഞ്ഞു.അവര്‍ നമ്മളെ നന്നായി മുതലെടുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 
നമ്മള്‍ എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് 200 ശതമാനം താരിഫ് ഈടാക്കുന്നു. തുടര്‍ന്ന് അവരുടെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ നമ്മള്‍ അവര്‍ക്ക് ധാരാളം പണം നല്‍കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി  യുഎസ്എഐഡി ധനസഹായം നല്‍കുന്നതിനെക്കുറിച്ചുള്ള തന്റെ അവകാശവാദം അഞ്ച് ദിവസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് യുഎസ് പ്രസിഡന്റ് ആവര്‍ത്തിക്കുന്നത്. 
21 മില്യണ്‍ ഡോളര്‍ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് പോകുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷനില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. 

By admin

Leave a Reply

Your email address will not be published. Required fields are marked *