സാഹസിക ടൂറിസമടക്കം വമ്പൻ പദ്ധതികൾ, പീച്ചി ഹൗസ് ഉൾപ്പടെ നവീകരിക്കാൻ മാസ്റ്റർ പ്ലാൻ റെഡിയെന്ന് മന്ത്രി കെ രാജൻ

തൃശൂർ: പീച്ചിയെ കൂടുതൽ സഞ്ചാരി സൗഹൃദമാക്കി നവീകരിക്കാൻ വേണ്ടുന്ന വിപുലമായ വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജൻ. ഉന്നത ഉദ്യോഗസ്ഥ, വിദഗ്ധ സംഘത്തോടൊപ്പം പീച്ചി ഹൗസ് സന്ദർശിച്ച ശേഷം പദ്ധതികൾ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 86 ഏക്കർ വരുന്ന സ്ഥലത്തെ സൗകര്യങ്ങൾ നിലനിർത്തിക്കൊണ്ടായിരിക്കും മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വികസനം നടപ്പാക്കുക. തൃശൂർ എഞ്ചിനീയറിങ് കോളജ് ആണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. സാഹസിക ടൂറിസം, വിനോദ കേന്ദ്രം, അക്കാദമിക് നിലവാരമുള്ള സംവിധാനം, പാർക്കിങ്, റിസപ്ഷൻ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു.

നിലവിലെ കെട്ടിടം നവീകരിച്ചും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചും പീച്ചി ഹൗസ് ആകർഷണീയമാക്കും. ഒപ്പം കലാ സാംസ്കാരിക പരിപാടികളുടെ സ്ഥിരം വേദിയാവുന്ന ഓപ്പൺ എയർ സ്റ്റേജും, ഓഡിറ്റോറിയവും എ ഐ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള വിനോദ കേന്ദ്രം തുടങ്ങിയവ ഉണ്ടാകുമെന്ന് മന്ത്രി വിശദീകരിച്ചു.

വിനോദ സഞ്ചാരികൾക്ക് മാത്രമല്ല, സാഹിത്യകാരന്മാരെയും എഴുത്തുകാരുടെയും സാന്നിധ്യം വീണ്ടും പീച്ചിയിൽ സജീവമാകും എന്നാണ് പ്രതീക്ഷ. കേരളത്തിന്‍റെ വിപ്ലവ കവി വയലാർ രാമവർമ മുതൽ പ്രഗ്ത്ഭർ പണ്ട് പീച്ചിയിൽ എത്തിയാണ് തങ്ങളുടെ സൃഷ്ടികൾക്ക് പിറവി നൽകിയത്. ഗാനഗന്ധർവൻ യേശുദാസ് ഉൾപ്പടെ പീച്ചി ഹൗസിലെ മുറിയിലിരുന്ന് പാട്ടു പാടിയതുൾപ്പടെ വലിയ ചരിത്രമാണ് ഉള്ളത്. വീണ്ടും പുതിയ എഴുത്തുകാരെയും രചയിതാക്കളെയും സിനിമാലോകത്തെയുമെല്ലാം പീച്ചിയിലേക്ക് തിരിച്ചു കൊണ്ടുവരണം. പുതിയ കാലത്ത് വെഡ്ഡിങ് ടൂറിസത്തിന് ഏറെ സാധ്യതകളുണ്ട്. അതിനും പീച്ചിയുടെ സൗന്ദര്യത്തെ വേദിയാക്കി മാറ്റുവാനാവും വിധത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പീച്ച ഹൗസിന്‍റെ നവീകരണവും പുതിയ ബ്ലോക്കുകളുടെ നിർമ്മാണവും ആയിരിക്കും നടക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

പാലക്കാട്ടെ ഉൾവനത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നം; തട്ടുതട്ടായി താഴേയ്ക്ക് പതിക്കും മീന്‍വല്ലം

ആർക്കിടെക്ടുമാർ പരിശേധിച്ച് അതിൽ അഭിപ്രായം രേഖപ്പെടുത്തിയാൽ മാസ്റ്റർപ്ലാൻ സർക്കാരിന് സമർപ്പിക്കും. മാർച്ച് ആദ്യവാരം ഇറിഗേഷൻ മന്ത്രിയുടെ സാന്നിധ്യത്തിൽ കിഫ്ബിയുടെയും വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തും. നിലവിൽ പീച്ചി തടാകത്തിൽ കൊട്ടവഞ്ചി യാത്രാ സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്. സോളാർ ബോട്ടിങ്ങ് ആരംഭിക്കുവാൻ എം എൽ എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ച് പദ്ധതി ഭരണാനുമതിക്ക് സമർപ്പിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By admin