18 വര്‍ഷം മുന്‍പ് പോര്‍ച്ചുഗലില്‍ നിന്നും കാണാതായ ബാലിക മഡലീൻ മക്കാൻ ആണെന്ന് അവകാശപ്പെട്ട്, മക്കാന്റെ കുടുംബത്തെ നിരന്തരമായി പിന്തുടർന്ന് ശല്ല്യപെടുത്തിയ കേസിൽ യുവതി അറസ്റ്റിലായി. ജൂലിയ വാൻഡൽ എന്നറിയപ്പെടുന്ന 23 വയസ്സുകാരിയെ ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ ബുധനാഴ്ച്ച യാണ് അറസ്റ്റ് ചെയ്‌തത്. വെള്ളിയാഴ്ച ലെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
23 വയസ്സുള്ള പ്രതി 2024 ജനുവരി 3 മുതൽ 2025 ഫെബ്രുവരി 15 വരെ മഡലീന്‍റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്റ്റോക്കിംഗ് ചെയ്തതായി ആരോപിക്കപ്പെടുന്നു. 2023 മെയ് 2നും ഡിസംബർ 7നും അവർ കുടുംബവീട്ടിൽ എത്തിയതായും ആരോപണം ഉണ്ട്.
മഡ്ലിൻ മക്കാനെ തന്റെ നാലാം പിറന്നാളിന് തൊട്ടുമുൻപായി, ഏകദേശം 18 വർഷങ്ങൾക്ക് മുമ്പ് ആണ് കാണാതായത്. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തിരോധാന കേസുകളിൽ ഒന്നായി ഇത് മാറി. 2007 മേയ് 3-ന് പോര്‍ച്ചുഗലിലെ ഒരു അപ്പാർട്ട്മെന്റിൽവെച്ചായിരുന്നു മഡലീനെ കാണാതായത്.
ജൂലിയ വാൻഡൽ, മക്കാന്‍റെ മാതാപിതാക്കളായ കേറ്റ്, ജെറി എന്നിവരെ ഫോണിൽ വിളിക്കുകയും കത്തുകൾ, വോയിസ്‌മെയിലുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. കൂടാതെ, മക്കാന്റെ സഹോദരങ്ങളായ ഷോൺ, അമെലി എന്നിവര്‍ക്ക് ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങൾ അയച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
ജൂലിയയുടെ പ്രവർത്തനങ്ങൾ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെ ഗൗരവമായി ബാധിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
പോളണ്ട് സ്വദേശിനിയായ ജൂലിയയെ കോടതി റിമാൻഡിൽ വിട്ടു, ഏപ്രിൽ 7-ന് ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹിയറിംഗ് നായി വീണ്ടും ഹാജരാക്കും.സ്റ്റോക്കിംഗ് കുറ്റത്തിന് 12 മാസം വരെ തടവോ പരിധിയില്ലാത്ത പിഴയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.