മത്സരത്തിനിടെ ശല്യം ചെയ്തു, അനുവാദമില്ലാതെ ചിത്രമെടുത്തു; എമ്മാ റഡുകാനുവിന്റെ പരാതി ടൂറിസ്റ്റ് പിടിയിൽ
ദുബൈ: ദുബൈയിൽ മത്സരത്തിനിടെ ബ്രിട്ടീഷ് ടെന്നീസ് താരം എമ്മാ റഡുകാനുവിന്റെ ചിത്രം അനുമതിയില്ലാതെ പകര്‍ത്തി ശല്യം ചെയ്തയാളെ പിടികൂടി. എമ്മാ റഡുകാനുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഈമാസം 17ന് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് താരത്തിന് ദുരനുഭവം ഉണ്ടായത്. അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയതിന് സന്ദര്‍ശക വിസയിലെത്തിയ ടൂറിസ്റ്റാണ് പിടിയിലായത്. മത്സരം നടക്കുന്നതിനിടെ എമ്മക്ക് കുറിപ്പ് കൈമാറിയ ശേഷം ഇയാൾ ഫോട്ടോ പകർത്തി താരത്തെ ശല്യം ചെയ്യുന്ന വിധത്തിൽ പെരുമാറുകയായിരുന്നു.
Read Also – 2700 ദിർഹം ശമ്പളവും സൗജന്യ താമസവും യാത്രാ സൗകര്യവും; യുഎഇയിൽ തൊഴിലവസരങ്ങൾ, ആകെ 100 ഒഴിവുകൾ
ഇതിന് പിന്നാലെ കരച്ചിലടക്കാനാകാതെ എമ്മ അമ്പയറുടെ ഇരിപ്പിടത്തിന് പിറകിൽ പോയി കണ്ണീർ തുടച്ച് മടങ്ങിവരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരായ പരാതി എമ്മ പിന്നീട് പിൻവലിച്ചു. എന്നാൽ താരത്തെ ഇനി സമീപിക്കില്ലെന്ന് പൊലീസ് ഇയാളിൽ നിന്ന് സത്യവാങ് മൂലം എഴുതിവാങ്ങിയിട്ടുണ്ട്. മറ്റ് മത്സരങ്ങൾ കാണാനെത്തുന്നതിന് ഇയാൾക്ക് വിലക്കും ഏർപ്പെടുത്തി.