ചാമ്പ്യൻസ് ട്രോഫി: കുല്‍ദീപ് പുറത്താകും, റിഷഭ് പന്തിനും ഇടമില്ല; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
ദുബായ്:ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം നേടിയെങ്കിലും 35-5 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് 200 കടന്നത് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന ഇന്ത്യൻ ബൗളര്‍മാരുടെ ദൗര്‍ബല്യം മൂതലെടുത്തായിരുന്നു. ഈ സാഹചര്യത്തില്‍ നാളെ പാകിസ്ഥാനെതിരെ ഇന്ത്യൻ ബൗളിംഗ് നിരയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
ബാറ്റിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല. ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറിയുമായി മിന്നും ഫോമിലുള്ള ശുഭ്മാൻ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്നെയായിരിക്കും ഓപ്പണര്‍മാര്‍. മൂന്നാം നമ്പറിലിറങ്ങുന്ന വിരാട് കോലിക്ക് പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും സമീപകാലത്തെ ഫോം ആശങ്കയാണ്. ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെത്തുമ്പോള്‍ ആദ്യ മത്സരത്തിലേതുപോലെ അക്സര്‍ പട്ടേലിനെ അഞ്ചാമനായി ബാറ്റിംഗ് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ബാറ്റിംഗ് നിരയില്‍ തുടരും.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയിക്കണം, ആരാധകരെ അമ്പരപ്പിച്ച് മുന്‍ ഇന്ത്യൻ താരം
ബൗളിംഗ് നിരയില്‍ മൂന്ന് സ്പിന്നര്‍മാരുമായി തുടരാന്‍ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ തുടരും. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ജഡേജ പരാജയപ്പെട്ടിരുന്നു. ജഡേജയെ പുറത്തിരുത്തിയാല്‍ അര്‍ഷ്ദീപ് സിംഗിനാണ് സാധ്യതയുള്ളത്. രവീന്ദ്ര ജഡേജ തുടര്‍ന്നാല്‍ കുല്‍ദീപ് യാദവ് പുറത്താകും. ആദ്യ മത്സരത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താ ജഡേജയ്ക്കും കുല്‍ദീപിനും കഴിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തു. കുല്‍ദീപ് പുറത്തിരുന്നാല്‍ പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്തും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ വരുണ്‍ ഏകദിന പരമ്പരയില്‍ അരങ്ങേറിയെങ്കിലും ഒരു മത്സരം മാത്രമെ കളിച്ചിരുന്നുള്ളു.
ആദ്യ മത്സരത്തില്‍ തിളങ്ങിയ പേസര്‍മാരായ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും പാകിസ്ഥാനെതിരെയും ഇന്ത്യക്കായി ഇറങ്ങും. റിഷഭ് പന്തിനും വാഷിംഗ്ടണ്‍ സുന്ദറിനും നാളെയും പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.
രഞ്ജി ട്രോഫിയില്‍ കേരളം കിരീടം നേടണമെന്ന് ആഗ്രഹം, കേരളത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് ഗവാസ്കര്‍
പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ/അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.