തിരുവനന്തപുരം : ബ്രീട്ടീഷ് മാധ്യമസ്ഥാപനമായ ബി.ബി.സി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് കനത്ത പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 
സ്ഥാപനം വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 3.44 കോടിയിൽപ്പരം രൂപയാണ് ഇ.ഡി പിഴയിനത്തിൽ ചുമത്തിയിട്ടുള്ളത്. 

ഇതിന് പുറമേ കമ്പിനിയുടെ ഡയറക്ടർമാരായ ഗൈൽസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നിവർ 1.14 കോടി വീതവും പിഴയൊടുക്കണം. 

2021 ഒക്ടോബർ 15 മുതൽ ചട്ടലംഘനം നടക്കുകയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതനുസരിച്ച് അന്ന് മുതലുള്ള ഓരോ ദിവസവും 5000 രൂപ എന്ന കണക്കിൽ പിഴയൊടുക്കണം. അങ്ങനെ വരുമ്പോഴാണ് മൂന്നരക്കോടിയിലേക്ക് പിഴത്തുക ഉയർന്നത്. 
2002ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് 2023 ജനുവരിയിൽ ബി.ബി.സി സംപ്രേഷണം ചെയ്ത ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സർക്കാരിന്റെ കടുത്ത എതിർപ്പിന് വഴിവെച്ചിരുന്നു. 

തുടർന്ന് 2023 ഫെബ്രുവരിയിൽ ബി.ബി.സി ഇന്ത്യയുടെ ഓഫീസിൽ ഇൻകം ടാക്‌സ് റെയ്ഡ് നടന്നു. അതിന് പിന്നാലെ വിഷയത്തിൽ ഇ.ഡിയും ഇടപെടുകയായിരുന്നു. 

സമീപകാലത്തെങ്ങും ഒരു വിദേശ മാധ്യമ സ്ഥാപനത്തിനെതിരെ ഇത്ര കടുത്ത നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ അറിവോട് കൂടിയുള്ള ഇ.ഡിയുടെ നടപടി.

By admin

Leave a Reply

Your email address will not be published. Required fields are marked *