സജന സജീവന് നിരാശ! എങ്കിലും ആര്‍സിബിയെ അവസാന ഓവറില്‍ മറികടന്ന് മുംബൈ ഇന്ത്യന്‍സ് വനിതകള്‍

ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 43 പന്തില്‍ 81 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈ 19.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

അവസാന ഓവറിലെ അഞ്ചാം പന്തില്‍ കമാലിനി നേടിയ ബൗണ്ടിറിയാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (38 പന്തില്‍ 50), നതാലി സ്‌കിവര്‍ (21 പന്തില്‍ 42) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അമന്‍ജോത് കൗര്‍ (27 പന്തില്‍ 34) പുറത്താവാതെ നിന്നു. മലയാളി താരം സജന സജീവന്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

നേരത്തെ, പെറി 43 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറും സഹിതം 81 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 28, ക്യാപ്റ്റന്‍ സ്മൃതി മന്ദാന 26 എന്നിവരാണ് ചലഞ്ചേഴ്‌സ് നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. മുംബൈ ഇന്ത്യന്‍സിനായി അമന്‍ജോത് കൗര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

By admin

You missed