ചാമ്പ്യൻസ് ട്രോഫി: ഞെട്ടിച്ച് തുടങ്ങാന്‍ അഫ്ഗാനിസ്ഥാന്‍, എതിരാളികള്‍ ദക്ഷിണാഫ്രിക്ക

കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കറാച്ചിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ തുട‍ർതോൽവികളുടെ അമിത ഭാരവും സമ്മ‍ർദവുമുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. അവസാനം കളിച്ച ആറ് ഏകദിനത്തിലും തോൽവി. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം കളിച്ച നാല് ദ്വിരാഷ്ട്ര ഏകദിന പരമ്പരകളില്‍ മൂന്നിലും തോറ്റു. ഇതിനെല്ലാം പുറമെ കഴിഞ്ഞവര്‍ഷം അഫ്ഗാനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയും ഇന്ന് ദക്ഷിണാഫ്രിക്കയെ വേട്ടയാടും.

പന്തെറിയാൻ ആൻറിച്ച് നോർക്യയയും ജെറാൾഡ് കോയറ്റ്സീയും ടീമിനൊപ്പമില്ലെന്നത് മറ്റൊരു തലവേദനയാണ്. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ ജേതാക്കള്‍ക്ക് കാര്യങ്ങളൊന്നും അത്ര അനുകൂലമല്ലെന്ന് ചുരുക്കം. മറുവശത്ത് ഏകദിന, ടി20 ലോകകപ്പുകളിലെ തകർപ്പൻ പ്രകനടത്തിന്‍റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി അരങ്ങേറ്റത്തിനെത്തുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ നേരിയ വ്യത്യാസത്തിലാണ് അഫ്ഗാന് സെമി ഫൈനല്‍ സ്ഥാനം നഷ്ടമായത്. 2024ലെ ടി20 ലോകകപ്പിലാകട്ടെ സെമിയിലെത്തി കരുത്തറിയിക്കുകയും ചെയ്തു.

ഹാട്രിക്ക് ക്യാച്ച് കൈവിട്ടതിന് അക്സറിനോട് രോഹിത് ശര്‍മയുടെ പ്രായശ്ചിത്തം, ‘അവനെ കൂട്ടി ഡിന്നറിന് പോകും’

റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് നബി സ്പിൻത്രയം കളിയുടെ ഗതി നിശ്ചയിക്കുമെന്നാണ് അഫ്ഗാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദിയുടെ പ്രതീക്ഷ. ഓപ്പണർ ഇബ്രാഹിം സർദാൻ പരിക്ക് മാറിയെത്തുന്നതും കരുത്താവും. കേശവ് മഹാരാജ്, തബ്രിസ് ഷംസി, എയ്ഡൻ മാ‍ർക്രം എന്നിവരിലൂടെയാവും ദക്ഷിണാഫ്രിക്കയുടെ സ്പിൻ മറുപടി. ബാവുമ, ഡുസ്സൻ, മാർക്രം, ക്ലാസൻ, മില്ലർ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ശക്തമെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ആശങ്കയായി തുടരുന്നു. ഇതുകൊണ്ടുതന്നെ പ്ലേയിംഗ് ഇലവനിൽ ആരെയൊക്കെ ഉൾപ്പെടുത്തണം എന്നകാര്യത്തിൽ സംശയം ബാക്കി. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം 10 താരങ്ങളാണ് ദക്ഷിണാഫ്രിക്കക്കായി ഏകദിനത്തില്‍ അരങ്ങേറിയത്. ഏകദിനത്തിൽ ഇരുടീമും ഏറ്റുമുട്ടിയത് അഞ്ച് മത്സരത്തിൽ. മൂന്നിൽ ദക്ഷിണാഫ്രിക്കയ്ക്കും രണ്ടിൽ അഫ്ഗാനിസ്ഥാനും ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin