അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ നാലാംദിനം കേരളത്തിനു പ്രതീക്ഷ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തിട്ടുണ്ട് ഗുജറാത്ത്.
മൂന്നുവിക്കറ്റ് ബാക്കിയിരിക്കേ കേരള ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ 74 റണ്‍സ്‌കൂടി വേണം ഗുജറാത്തിന്. ജയ്മീത് മനീഷ്ഭായ് പട്ടേലും (47) സിദ്ദാർഥ് ദേശായിയുമാണ് (11) ക്രീസില്‍.
നാലുവിക്കറ്റുമായി ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍വെയ്പ്പിച്ചത്.
മൂന്നാംദിനമവസാനിക്കുമ്പോള്‍ 222 റണ്‍സിന് ഒന്ന് എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീടുള്ള ആറുവിക്കറ്റുകളും വന്നത് ഇന്നാണ്.
സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ പ്രിയങ്ക് പാഞ്ചാലിന്റെ വിക്കറ്റ് നേടാനായത് കേരളത്തിന് ആശ്വാസമായി.
237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സും സഹിതം 148 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. നന്‍ ഹിംഗ്രാജിയെയും (33) വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) ക്യാപ്റ്റൻ ചിന്തൻ ഗജയെയും (2) സക്സേനതന്നെ മടക്കി. ഹേമങ് പട്ടേലിനെ (27) എം.ഡി. നിധീഷും വിഷാല്‍ ജയ്‌സ്വാളിനെ (14) ആദിത്യ സര്‍വതെയും പുറത്താക്കി