തിരുവനന്തപുരം:  മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങിങ്ങില്‍ ഇടിവ്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള എല്ലാ മുന്‍നിര ചാനലുകളുടെയെല്ലാം പോയിന്റ് കുത്തനെ ഇടിഞ്ഞു.
ഇന്ന് പുറത്തുവന്ന  വാര്‍ത്താ ചാനലുകളുടെ ആറാം ആഴ്ചയിലെ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൌണ്‍സില്‍) റേറ്റിങ്ങിലാണ് പ്രേക്ഷക പങ്കാളിത്തത്തിലെ കുറവ് പ്രകടമായത്.
മുന്‍ ആഴ്ചകളെ പോലെ തന്നെ ഏഷ്യാനെറ്റ് ന്യൂസാണ് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ തൊട്ടുമുന്‍പുളള ആഴ്ചയിലേക്കാള്‍ 6.3 പോയിന്റാണ് ഇടിഞ്ഞത്. അഞ്ചാം ആഴ്ചയില്‍ കേരള ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ 89.7 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ആറാം ആഴ്ചയില്‍ 83.40 പോയിന്റേയുളളു.
വാര്‍ത്താ ചാനല്‍ രംഗത്തെ ഒന്നാംസ്ഥാനക്കാരായ ഏഷ്യാനെറ്റിന് ഇത്രയും പോയിന്റ് കുറയുന്നത് സമീപകാലത്ത് ഇതാദ്യമാണ്. പോയിന്റ് കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനത്ത് വെല്ലുവിളികളില്ല എന്നത് മാത്രമാണ് ഏഷ്യാനെറ്റിന് ആശ്വാസകരമായ കാര്യം. സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങളുടെ സ്ഥിരം ചര്‍ച്ചാവേദിയായി മാറിയ ന്യൂസ് അവറിന്റെ പച്ചയിലാണ് ഏഷ്യാനെറ്റ് ന്യൂസ് മേധാവിത്വം നിലനിര്‍ത്തുന്നത്.

ന്യൂസ് അവര്‍ ചര്‍ച്ചയല്ലാതെ യഥാര്‍ത്ഥ ബ്രേക്കിങ്ങ്, എക്‌സ്‌ക്ലീസിവ് വാര്‍ത്തകളൊന്നും ഏഷ്യാനെറ്റ് ന്യൂസില്‍ കാണുന്നില്ല. ഇടക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ റിപോര്‍ട്ടിങ്ങ് അല്‍പ്പം ചടുലമായിരുന്നെങ്കിലും സ്ഥാനം തിരിച്ചുപിടിച്ചതോടെ വീണ്ടും മുയല്‍ ഉറക്കത്തിലാണ്

മലയാളം വാര്‍ത്താ ചാനലുകളിലെ റേറ്റിങ്ങില്‍ രണ്ടാം സ്ഥാനക്കാര്‍ റിപോര്‍ട്ടര്‍ ടിവി തന്നെ. എന്നാല്‍ റിപോര്‍ട്ടറിനും മുന്‍ ആഴ്ചയിലേക്കാള്‍ 2.2 പോയിന്റ് ഇടിഞ്ഞു. അഞ്ചാം ആഴ്ചയില്‍ 71.6 പോയിന്റ് ഉണ്ടായിരുന്ന റിപോര്‍ട്ടറിന് ആറാം ആഴ്ചയില്‍ 69.42 പോയിന്റാണ് ലഭിച്ചത്. 
ഏഷ്യാനെറ്റ് ന്യൂസിന്റെ അത്ര പോയിന്റെ് കുറഞ്ഞില്ലെന്ന് മാത്രം. മൂന്നാംസ്ഥാനക്കാരായ ട്വന്റി ഫോറിനും പോയിന്റ് നഷ്ടമുണ്ട്. മുന്‍ ആഴ്ചയില്‍ 66.20 പോയിന്റ് ഉണ്ടായിരുന്ന ട്വന്റി ഫോറിന് ഈയാഴ്ചയില്‍ 63.61 പോയിന്റ് മാത്രമാണ് ലഭിച്ചത്. 2.6 പോയിന്റ് നഷ്ടമാണ് ട്വന്റി ഫോറിന് സംഭവിച്ചത്.
മുന്‍നിര ചാനലുകളുടെയെല്ലാം പ്രേക്ഷക പങ്കാളിത്തത്തില്‍ കാര്യമായ കുറവ് സംഭവിക്കുന്നു എന്നാണ് റേറ്റിങ്ങിലെ ഇടിവ് വ്യക്തമാക്കി തരുന്നത്. വലിയ സംഭവങ്ങളോ വാര്‍ത്തകളോ ഉളളപ്പോള്‍ മാത്രമാണ് വാര്‍ത്താ ചാനലുകളിലേക്ക് പ്രേക്ഷകര്‍ കൂട്ടത്തോടെ വരുന്നത്. പോയ ആഴ്ചകളില്‍ ഒന്നും അത്തരം സ്‌തോഭജനകമായ സംഭവങ്ങളോ വാര്‍ത്തകളോ ഉണ്ടായിട്ടില്ല.

നാട്ടില്‍ കടുവയും പുലിയും ആനയും ഇറങ്ങിയാല്‍ മറ്റെല്ലാ വാര്‍ത്തകളും മാറ്റിവെച്ച് അതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അടുത്ത കാലത്തായി മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ കണ്ടുവരുന്ന രീതി. ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളില്‍ വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് നല്ല കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്

ഇത് ഉപഗ്രഹ ചാനല്‍ രംഗത്തും ലഭിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സമയം കളയുന്നത്. എന്നാല്‍ ആ വിശ്വാസം ശരിയല്ലെന്നാണ് റേറ്റിങ്ങിലെ ഇടിവ് നല്‍കുന്ന സൂചന. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയും റേറ്റിങ്ങ് പോയിന്റ് ഇടിയാന്‍ തന്നെയാണ് സാധ്യത.                                                                                            മലയാളം ചാനല്‍ റേറ്റിങ്ങിലെ നാലാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന പത്ര മുത്തശികളുടെ കുടുംബത്തിലെ ചാനലുകള്‍ തമ്മിലുളള മത്സരം ആവേശകരമായി മുന്നോട്ടുപോകുന്നു എന്നാണ് ഈയാഴ്ചയിലെ റേറ്റിങ്ങ് കണക്കുകളും കാണിക്കുന്നത്.
നാല് ആഴ്ചകളായി മാതൃഭൂമി ന്യൂസിന് പിന്നില്‍ അഞ്ചാം സ്ഥാനത്തായിരുന്ന മനോരമ ന്യൂസ്, ഈയാഴ്ച പഴയ നാലാം സ്ഥാനം തിരിച്ചുപിടിച്ചു.
കേരളാ ഓള്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ മനോരമ ന്യൂസ് 35.4 പോയിന്റ് നേടിയപ്പോള്‍ 34.4 പോയിന്റ് നേടാനേ മാതൃഭൂമി ന്യൂസിന് കഴിഞ്ഞുളളു. ഒരു പോയിന്റാണ് ഈയാഴ്ചയും നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മിലുളള വ്യത്യാസം. അദ്യമൂന്ന് സ്ഥാനക്കാരേ പോലെ മനോരമ ന്യൂസിന് റേറ്റിങ്ങ് പോയിന്റ് കാര്യമായി കുറഞ്ഞിട്ടില്ല.

0.3 പോയിന്റ് മാത്രമാണ് മനോരമക്ക് കുറഞ്ഞത്. എന്നാല്‍ തൊട്ടുമുന്‍പുളള ആഴ്ചയിലേക്കാള്‍ 2.3 പോയിന്റ് കുറഞ്ഞതാണ് മാതൃഭൂമിക്ക് നാലാം സ്ഥാനം നഷ്ടമാകാന്‍ കാരണം. പതിവ് പോലെ ജനം ടിവിയാണ് വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ആറാം സ്ഥാനത്ത്

20.2 പോയിന്റാണ് ജനം ടിവി നേടിയത്. ജനം ടിവിക്കും റേറ്റിങ്ങില്‍ നേരിയ ഇടിവുണ്ട്. കഴിഞ്ഞയാഴ്ച ഏഴാം സ്ഥാനത്ത് തിരിച്ചെത്തിയ കൈരളി ന്യൂസിന് ഈയാഴ്ച 15.2 പോയിന്റ് ലഭിച്ചു.
എട്ടാം സ്ഥാനത്തുളള ന്യൂസ് 18 കേരളം 13.4 പോയിന്റ് നേടി. ന്യൂസ് 18 കേരളത്തിനും മുന്‍പത്തെ ആഴ്ചിയിലേക്കാള്‍ പോയിന്റ് കുറഞ്ഞിട്ടുണ്ട്. ഈയാഴ്ചയും മീഡിയാ വണ്‍ തന്നെയാണ് അവസാന സ്ഥാനത്തുളളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed