ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗരാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഇന്ത്യാ ടുഡെ.
ദൃശ്യങ്ങൾ ഫേസ് ബുക്ക്, യുട്യൂബ്, ഇൻ സ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത പേജുകളിൽ പ്രചരിക്കുകയും അശ്ലീല ഉള്ളടക്കങ്ങൾ ചേർത്ത് വിൽക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യാ ടുഡെ നടത്തിയ ഫാക്ട് ചെക്കിൽ കണ്ടെത്തി.
മഹാകുംഭമേള, ഗംഗാ സ്നാനം, പ്രയാഗ്‌രാജ് കുംഭ തുടങ്ങിയ ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.
കുംഭമേളയുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളുപയോഗിച്ച് പങ്കിട്ട സ്ത്രീകളുടെ സ്വകാര്യ വീഡിയോകളിൽ ചിലത് പല അശ്ലീല സൈറ്റുകളിൽ നിന്നു ള്ളവയാണ്.
ഇവയ്ക്ക് കുംഭമേളയുമായി ബന്ധമില്ല. നദിയിൽ സ്നാനം ചെയ്യുകയും വസ്ത്രം മാറുകയും ചെയ്യുന്ന സ്ത്രീകളുടെ ആക്ഷേപകരമായ ഒരു ഡാറ്റാ ബാങ്ക് തന്നെ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെ പറയുന്നു.
രഹസ്യമായി ചിത്രീകരിച്ച ഇത്തരം വീഡിയോകളുൾക്കൊള്ളിച്ച് ടെലിഗ്രാം ഗ്രൂപ്പുകളുണ്ടാക്കി അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് പണം നൽകേണ്ട രീതിയിലാണ് ഗ്രൂപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.
1,999 രൂപ മുതൽ 3,000 രൂപ വരെ വീഡിയോകൾ കാണുന്നതിന് ഈടാക്കുന്നുണ്ടെന്നാണ് കണക്ക്.
ടെലിഗ്രാം ഡാറ്റാ അനലൈസറായ ടെലിമെ ട്രിയോയുടെ കണക്കനുസരിച്ച് ഈ മാസം 12 നും 18 നും ഇടയിൽ ‘ഓപ്പൺ ബാത്തിങ് ‘എന്ന തിരയൽ പദത്തിൽ ഗണ്യമായ വർധന ഉണ്ടായെന്നും ഇന്ത്യാ ടുഡെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.