ഡല്‍ഹി: ഫെബ്രുവരി 5 മുതല്‍ മൂന്ന് ബാച്ച് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തിയിട്ടും യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലക്കാരനായ നവ്ദീപ് സിംഗ് ഇതുവരെ നാട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം.

നിയമവിരുദ്ധമായ ‘ഡോങ്കി’ റൂട്ടിലൂടെ എട്ട് മാസത്തിനുള്ളില്‍ യുഎസിലേക്ക് കടക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നവ്ദീപ് സിങ്ങിന്റെ പേര് രണ്ടുതവണ നാടുകടത്തല്‍ പട്ടികയില്‍ ഇടം നേടിയത്. കുടുംബവുമായി ഇതുവരെ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നാണ് വിവരം

തരണ്‍വാല ഗ്രാമത്തിലെ മധുരപലഹാരക്കടയുടെ ഉടമയായ പിതാവ് കശ്മീര്‍ സിംഗ്, ഫെബ്രുവരി 15 ന് തന്റെ മകനെ കൂട്ടിക്കൊണ്ടുവരാന്‍ അമൃത്സറിലേക്ക് പോയിരുന്നുവെന്നും 116 അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടെത്തിയ രണ്ടാമത്തെ യുഎസ് നാടുകടത്തല്‍ വിമാനത്തില്‍ ഉണ്ടാകേണ്ടിയിരുന്ന മകനെ തിരികെ കൊണ്ടുപോകേണ്ടിയിരുന്നതായും പറഞ്ഞു.
ഞങ്ങള്‍ വിമാനത്താവളത്തില്‍ അവനെ കാത്തിരിക്കുകയായിരുന്നു. പക്ഷേ നവദീപിന്റെ സുഹൃത്ത് പുറത്തിറങ്ങിയപ്പോള്‍ അവന്‍ വിമാനത്തില്‍ ഇല്ലെന്ന് ഞങ്ങളോട് പറഞ്ഞു. കാരണം പറഞ്ഞത് അവന് സുഖമില്ലെന്നും പനി പിടിപെട്ടു എന്നുമാണ്.

ഞങ്ങളുടെ കുട്ടി തിരിച്ചെത്തിയിട്ടില്ലാത്തതില്‍ ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്, അവനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവുമില്ല, അദ്ദേഹം പറഞ്ഞു

ഫെബ്രുവരി 5 മുതല്‍ അമൃത്സറില്‍ വന്നിറങ്ങിയ യുഎസ് സൈനിക വിമാനത്തിലൂടെ കുറഞ്ഞത് 332 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയിരുന്നു.
അമേരിക്കയിലെ രേഖകളില്ലാത്ത വിദേശികള്‍ക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളുടെ ഭാഗമാണ് നാടുകടത്തല്‍ നടപടി.
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *