ഇംഫാൽ: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാതെ രാഷ്ട്രപതി ഭരണം നീട്ടിക്കൊണ്ടുപോയാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് എംഎൽഎമാർ.
നിലവിലത്തെ സ്ഥിതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ കാവൽ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന വിഭാഗവും നിയമസഭാ സ്പീക്കർ ക്ക്ചോം സത്യബ്രത സിങ്ങിന്റെ നേതൃത്വത്തിലുള്ള കുക്കി വിഭാഗവും ബിജെപിയിൽ നിന്ന് രാജിവച്ച് പുതിയ പ്രാദേശിക പാർട്ടികൾ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻ ബിരേൻ സർക്കാരിൽ മന്ത്രിമാരായിരുന്ന ദോവിന്ദാസ് കൊൻതൗജം, തൊങ്കം ബി സ്വജിത്ത് സിങ് എന്നിവരാണ് ബിരേൻ പക്ഷത്തുനിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നത്.
ഇവർക്ക് 21 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. അതേ സമയം കുക്കി വിഭാഗത്തിൽ സത്യബ്രത സിങ്ങിന് പുറമെ എംഎൽഎമാരായ വൈ ഖേം ചന്ദ് സിങ്, തോക്ചോം രാധേ ശ്യാം സിങ് എന്നിവരും മുഖ്യമന്ത്രി പരിഗണനയിലുണ്ട്.
2023ൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപം മണിപ്പൂർ സർക്കാർ കൈകാര്യം ചെയ്ത രീതി ജനങ്ങളിൽ അതൃപ്തിയുണ്ടാക്കിയതായി ഒരു ബിജെപി നേതാവ് പറഞ്ഞു.
2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ പറ്റില്ലെന്ന ഭയം എംഎൽഎമാരെ അലട്ടുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ഈ മാസം ഒമ്പതിനാണ് ബിരേൻ സിങ് രാജിവച്ചത്. വംശീയ കലാപം ആരംഭിച്ച് 649 ദിവസത്തിനുശേഷമായിരുന്നു രാജി.