പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. നെല്ലിയാമ്പതി പുലയമ്പാറ ജോസിൻ്റെ വീട്ടിലെ കിണറിലാണ് പുലി വീണത്.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പുലി കിണറ്റിൽ വീണ നിലയിൽ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി സീന കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോർ ഓണാക്കിയെങ്കിലും വെള്ളം വരാതായതിനെ തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് കിണറിൽ വീണ പുലിയെ കണ്ടത്.
ഉടൻ തന്നെ വനപാലകരെ വിവരമറിയിച്ചു.
ആദ്യം കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൻ പിടിച്ചു നിൽക്കുന്നതിനായി ഏണി വെച്ചു കൊടുത്തെങ്കിലും ആഴം കുടുതലുള്ളതിനാൽ ആശ്രമം വിജയിച്ചില്ല.
പിന്നീട് വനപാലകരുടെ നേതൃത്വത്തിൽ ടയറിൽ കയർ കെട്ടി ഇറക്കി പുലിയെ വെള്ളത്തിൽ അപകടം കൂടാതെ നിർത്താൻ സഹായിച്ചു. പിന്നീട് കൂടുപയോഗിച്ച് പുലിയെ പുറത്തെത്തിക്കുകയായിരുന്നു.
പുലിയെ നെല്ലിയാമ്പതി വനമേഖലയ്ക്ക് പുറത്തു കൊണ്ടു വിടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വന പാലകർക്ക് മുന്നിൽ പ്രതിഷേധിച്ചു.
നെല്ലിയാമ്പതി വന മേഖലയ്ക്ക് താഴെ പിടികൂടുന്ന വന്യജീവികളെ നെല്ലിയാമ്പതി വനമേഖലയിൽ കൊണ്ടു വിടുകയാണെന്നും ഇവയാണ് ജനവാസ മേഖലയ്ക്ക് ഭീഷണിയായിമറുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.