പാലാ: സെമി കേഡര്‍ സംവിധാനത്തില്‍ പുനസംഘടിപ്പിക്കപ്പെട്ട കേരള യൂത്ത് ഫ്രണ്ട് – എം ലഹരിവിരുദ്ധ ക്യാംപയ്ന്‍ മുഖ്യ അജണ്ടയാക്കി വാര്‍ഷിക കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി. ബുധനാഴ്ച പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ‘ചാറ്റ് വിത്ത് ചെയര്‍മാന്‍’ മീറ്റിലൂടെയാണ് പുതിയ പ്രവര്‍ത്തന ശൈലിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് – എമ്മിനു പിന്നാലെ യൂത്ത് ഫ്രണ്ട് – എമ്മിനും ജംബോ കമ്മറ്റി ഒഴിവാക്കിയാണ് ഇത്തവണ 20 അംഗ ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. നേരത്തെ 48 ആയിരുന്ന ജംബോ ഭാരവാഹി ലിസ്റ്റാണ് ഇത്തവണ 20 ആക്കി കുറച്ചത്.
യൂത്ത് ഫ്രണ്ട് പ്രസിഡന്‍റായിരിക്കെ 1991 -ല്‍ സ്വന്തം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്‍റെ സഹോദര പുത്രന്‍ സിറിയക് ചാഴികാടനെ പ്രസിഡന്‍റാക്കിയാണ് പുതിയ ഭാരവാഹി ലിസ്റ്റ് പുറത്തിറക്കിയത്. 3 വൈസ് പ്രസിഡന്‍റുമാരും 15 ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചത്.
യൂത്താണ് ഊര്‍ജസ്വലത നിര്‍ബന്ധം
പുതിയ ഭാരവാഹികള്‍ പ്രസിഡന്‍റ് സിറിയക് ചാഴികാടന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി ചെയര്‍മാനുമായി പ്രവര്‍ത്തന ശൈലി സംബന്ധിച്ച് നടത്തിയ സംവാദമായിരുന്നു ‘ചാറ്റ് വിത്ത് ചെയര്‍മാന്‍’. യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ക്ക് അര്‍ദ്ധവാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ഏര്‍പ്പെടുത്തണമെന്നതായിരുന്നു ജോസ് കെ മാണി ഭാരവാഹികളെ അറിയിച്ചത്.
സംഘടന ഊര്‍ജസ്വലതയോടെ മുന്നേറുന്ന സംവിധാനമായി മാറണം, പ്രവര്‍ത്തിക്കാത്തവര്‍ നേതൃത്വത്തില്‍ വരേണ്ട. ഭാരവാഹികളുടെ 6 മാസത്തെ പ്രവര്‍ത്തനം പാര്‍ട്ടി വിലയിരുത്തും – ജോസ് കെ മാണി പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിയെ തുടച്ചു നീക്കാന്‍ യൂത്ത് ഫ്രണ്ട് – എം കൈകോര്‍ക്കണം. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് സംഘടനയില്‍ സ്ഥാനമുണ്ടായിരിക്കില്ല – അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് – എമ്മിന് യൂണിറ്റ് കമ്മറ്റികള്‍
സംഘടനാ മെമ്പര്‍ഷിപ്പ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി യൂത്ത് ഫ്രണ്ട് – എമ്മിന് യൂണിറ്റ് കമ്മറ്റികള്‍ക്ക് രൂപം നല്‍കാനുള്ള തീരുമാനമാണ് ‘ചാറ്റ് വിത്ത് ചെയര്‍മാനി’ല്‍ ഏറ്റവും പ്രധാനം. വാര്‍ഡ് കമ്മറ്റികള്‍ക്ക് കീഴില്‍ യുവാക്കളെ ചേര്‍ത്ത് യൂണിറ്റുകള്‍ രൂപീകരിക്കും. യൂത്ത് ഫ്രണ്ട് – എമ്മിന് 2024 -ല്‍ ഡയറി പുറത്തിറക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ട്.
സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ: ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ഷിബു തോമസ്, ശരത് ജോസ്, സുനറ്റ് കെ വൈ, ഡാവി സ്റ്റീഫൻ, അജിതാ സോണി, അമൽ ജോയി, ചാർളി ഐസക്, ഡിനു ചാക്കോ, സുനിൽ പയ്യപ്പള്ളി, മിഥുലാജ് മുഹമ്മദ്, ബിൻസൺ ഗോമസ്, എൽബി അഗസ്റ്റിൻ, എസ് അയ്യപ്പൻ പിളള, ജോജി പി തോമസ്, മനു മുത്തോലി, ഷിജോ ഗോപാലൻ, ജോമി എബ്രഹാം, അജേഷ് കുമാർ, ഇ.റ്റി സനീഷ്, തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.