തിരുവനന്തപുരം: ആഗോള മുന്‍നിര ഊര്‍ജ കമ്പനിയായ റെപ്സോള്‍ പ്രാഥമിക ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറിനെ തിരഞ്ഞെടുത്തു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷനിലൂടെയാണ് ഇത് സാധ്യമാകുക.
റെപ്സോളിന്‍റെ ലോജിസ്റ്റിക്സിനെ കാര്യക്ഷമമാക്കുന്നതിനും എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിനുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പങ്കാളിത്തം വഴിയൊരുക്കും.
ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ മൊഡ്യൂള്‍ വിന്യസിക്കുന്നതിലൂടെ റെപ്സോളിന്‍റെ ഡിജിറ്റല്‍ പരിവര്‍ത്തനം കൂടുതല്‍ അനായാസമാകും. തത്സമയ ഡാഷ്ബോര്‍ഡുകളും തുടര്‍ച്ചയായ ഷിപ്പ്മെന്‍റ് അപ്ഡേറ്റുകളും ഈ നൂതന പ്ലാറ്റ് ഫോം ലഭ്യമാക്കും. വിതരണക്കാര്‍, ചരക്ക് കൈമാറ്റക്കാര്‍, എണ്ണ-വാതക ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കിടയില്‍ ഒരു കേന്ദ്രീകൃത ആശയവിനിമയ കേന്ദ്രമായി ഈ സംവിധാനം പ്രവര്‍ത്തിക്കും.
എന്‍ഡ്-ടു-എന്‍ഡ് ഷിപ്പ്മെന്‍റ് ട്രെയ്സബിലിറ്റി, സപ്ലൈ ചെയിനുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ തുടങ്ങിയവ ഇതിന്‍റെ സവിശേഷതകളാണ്. ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങളിലുടനീളം കാര്യക്ഷമത, സഹകരണം, സുതാര്യത എന്നിവ മെച്ചപ്പെടുത്താന്‍ ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷന്‍ റെപ്സോളിനെ പ്രാപ്തമാക്കും.
വിതരണ സൈറ്റുകളില്‍ നിന്ന് അവസാനത്തെ ഡെലിവറി സ്ഥലങ്ങളിലേക്കുള്ള സങ്കീര്‍ണ്ണമായ ചരക്ക് നീക്കങ്ങള്‍ സാധ്യമാകുന്നത് കപ്പല്‍, ട്രക്ക്, വിമാനം എന്നിങ്ങനെ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങളിലൂടെയാണ്. ഈ മേഖലയിലെ ഏതൊരു ഓപ്പറേറ്റര്‍ക്കും ഇതൊരു പ്രധാന വെല്ലുവിളിയാണ്. ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷന്‍ ഉപയോഗിക്കുന്നതിലൂടെ റെപ്സോളിന് ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയും. ഷിപ്പ്മെന്‍റ് ട്രാക്കിംഗ്, ഡോക്യുമെന്‍റ് മാനേജ്മെന്‍റ്, ചരക്ക് ഓര്‍ഡര്‍ സംബന്ധിച്ച തത്സമയ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്നിവയ്ക്കായി ഒരു കേന്ദ്രീകൃത പ്ലാറ്റ് ഫോം ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷന്‍ മുഖേന ലഭ്യമാകും.
ലോജിസ്റ്റിക്സിലെ നിര്‍ണായക വിവരങ്ങളെ ഒരു കേന്ദ്രീകൃത പ്ലാറ്റ് ഫോമിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട സപ്ലൈ ചെയിന്‍ ദൃശ്യപരത, കുറഞ്ഞ പരിശ്രമം, ലോജിസ്റ്റിക്സ് വിശ്വാസ്യതയിലെ വര്‍ദ്ധനവ് എന്നിവ കൈവരിക്കാന്‍ റെപ്സോള്‍ ലക്ഷ്യമിടുന്നു.
റെപ്സോളിന്‍റെ പെറുവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പൈലറ്റ് അടിസ്ഥാനത്തില്‍ ഐലോജിസ്റ്റിക്സിനെ ഉപയോഗിച്ചതിലൂടെ ലോജിസ്റ്റിക്സ് കാര്യക്ഷമത ഇതിനകം വര്‍ദ്ധിച്ചിട്ടുണ്ട്. വിതരണ ശൃംഖലയുടെ ദൃശ്യപരത വര്‍ദ്ധിപ്പിക്കാനും പങ്കാളികള്‍ക്കിടയില്‍ സഹകരണം വളര്‍ത്താനും ഇത് സഹായകമായി.
ആഗോള ഊര്‍ജ ലോജിസ്റ്റിക്സിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഐലോജിസ്റ്റിക്സ് പ്ലാറ്റ് ഫോമിന്‍റെ സാധ്യതകള്‍ റെപ്സോളുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതല്‍ വ്യക്തമാകുമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ റീജിയണല്‍ ഡയറക്ടര്‍ താരേക് മുറാഡി പറഞ്ഞു. പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ റെപ്സോളിനെ പ്രാപ്തമാക്കുന്നതിനൊപ്പം ലാറ്റിനമേരിക്കന്‍ ഊര്‍ജ മേഖലയില്‍ സമാന നൂതനാശയങ്ങളുടെ ഉദയത്തിന് വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടേയും നവീകരണത്തിനും പ്രവര്‍ത്തന മികവിനും റെപ്സോള്‍ പ്രതിജ്ഞാബദ്ധമാണെന്ന് റെപ്സോളിലെ ലോജിസ്റ്റിക്സ് മാനേജര്‍ നുമ ടോറസ് മോണോ പറഞ്ഞു. ഞങ്ങളുടെ പ്രാഥമിക ലോജിസ്റ്റിക്സിലെ വിശ്വാസ്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള സഹകരണത്തിലൂടെ സാധിക്കും. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും സുഗമവും സുരക്ഷിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്ന കമ്പനികളുടെ പട്ടികയില്‍ റെപ്സോള്‍ കൂടി ചേരുന്നത് ശ്രദ്ധേയമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *