സിനിമയ്ക്ക് മുൻപ് അരമണിക്കൂർ പരസ്യം കാണിച്ചതിനാൽ സമയം നഷ്ടമായെന്ന പരാതിയിൽ പിവിആർ-ഐനോക്സിന് ഒരു ലക്ഷം പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. ബെംഗളൂരു സ്വദേശി അഭിഷേക് എം.ആർ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  തിയേറ്ററിൽ അരമണിക്കൂർ പരസ്യമിട്ടതിന് പിന്നാലെ സിനിമ കൃത്യസമയത്ത് ആരംഭിക്കാൻ കഴിഞ്ഞില്ലെന്നും തൻ്റെ സമയം നഷ്ടമായെന്നും കാണിച്ചാണ് യുവാവ് പരാതി നൽകിയത്.
2023-ൽ നടന്ന സംഭവമാണ് കേസിനാധാരം. ‘സാം ബഹദൂർ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു അഭിഷേക്. ഇയാൾ 4.05 ന് സിനിമയ്ക്കെത്തിയെങ്കിലും അരമണിക്കൂർ പരസ്യത്തിന് ശേഷമാണ് സിനിമ തുടങ്ങിയത്. 4.05ന് സിനിമ തുടങ്ങി 6.30ന് അവസാനിക്കും എന്നായിരുന്നു ബുക്ക് മൈ ഷോയിൽ കാണിച്ചിരുന്ന വിവരം. എന്നാൽ പരസ്യം നീണ്ടതോടെ സമയം തെറ്റി. 4.30ന് ശേഷം മാത്രമാണ് സിനിമ തുടങ്ങിയത്.
സിനിമയ്ക്ക് ശേഷം അഭിഷേകിന് ജോലിക്ക് പോകേണ്ടിയിരുന്നു. ഇത് ജോലിയെ ബാധിച്ചെന്നാണ് അഭിഷേക് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതുമൂലം തനിക്ക് മാനസിക പിരിമുറുക്കമുണ്ടായെന്നും അഭിഷേക് പരാതിയിൽ പറയുന്നു. സമയം പണമായി കണക്കാക്കുന്നെന്ന് വിധിച്ച കോടതി, അഭിഷേകിന് നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കി. പരസ്യ സമയം ഒഴിവാക്കി സിനിമ തുടങ്ങുന്ന സമയം ടിക്കറ്റിൽ കൃത്യമായി വ്യക്തമാക്കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. ഹർജിക്കാരന് 28,000 രൂപ നഷ്ടപരിഹാരവും പിവിആറിനും ഐനോക്സിനും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ചുമത്തിയത്. ഒരു ലക്ഷം രൂപ ഉപഭോക്തൃ ക്ഷേമ നിധിയിലേക്ക് നിക്ഷേപിക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.
പിവിആറിനും ഐനോക്സിനും, ബുക്ക് മൈ ഷോയ്ക്കുമെതിരെയായിരുന്നു അഭിഷേകിൻ്റെ പരാതി. എന്നാൽ ബുക്ക് മൈ ഷോ ഒരു ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായതിനാലും, പരസ്യങ്ങളുടെ സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് ആപ്പിന് യാതൊരു നിയന്ത്രണവുമില്ലാത്തതിനാലും പിഴ വിധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *