തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടുമിക്ക റാഗിംഗ് കേസുകളിലും പ്രതിസ്ഥാനത്ത് എസ്.എഫ്.ഐക്കാരാണെങ്കിലും, അവരെ ന്യായീകരിക്കുകയാണ് മന്ത്രി ആർ.ബിന്ദു.
റാഗിംഗിന്റെ പഴി എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കരുതെന്നും വസ്തുതകൾ പരിശോധിക്കണമെന്നുമാണ് ഇന്ന് സെക്രട്ടേറിയേറ്റിൽ മന്ത്രി ബിന്ദു വ്യക്തമാക്കിയത്.
കാര്യവട്ടം ഗവ. കോളേജിൽ എസ്.എഫ്.ഐയുടെ ഇടിമുറിയിൽ എത്തിച്ച് വിദ്യാ‌ർത്ഥികളെ നഗ്നരാക്കി മർദ്ദിച്ചെന്ന വിവരം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

എസ്.എഫ്.ഐ ഇല്ലാത്ത ക്യാമ്പസുകളിലും റാഗിംഗ് നടക്കുന്നുണ്ട്. എന്നിട്ട് അതെല്ലാം എസ്.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കുകയാണെന്നാണ് മന്ത്രി ന്യായീകരിച്ചത്.

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാ‌ർത്ഥന്റെ മരണത്തിലടക്കം മിക്ക കേസുകളിലും പ്രതികൾ എസ്.എഫ്.ഐക്കാരാണ്. കഴിഞ്ഞദിവസം കോട്ടയത്ത് നഴ്സിംഗ് കോളേജിലെ റാഗിംഗിലും പ്രതികളിൽ എസ്.എഫ്.ഐ നേതാക്കളടക്കം ഉണ്ടായിരുന്നു. അപ്പോഴാണ് രാഷ്ട്രീയമില്ലാത്ത ക്യാമ്പസിലും എസ്എഫ്ഐ പ്രവർത്തകരാണ് പ്രതികള്‍ എന്ന് പ്രചരിപ്പിക്കുന്നുണ്ടെന്ന മന്ത്രിയുടെ ന്യായീകരണം. 
റാഗിംഗ് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി ബിന്ദു, അതേക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ – കുട്ടികളുടെ ആന്തരിക, വൈകാരിക സംഘർഷം അവരെ ഹിംസാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കും. അവർക്ക് കാര്യങ്ങൾ ആരോടും തുറന്നുപറയാനാവുന്നില്ല. സ്നേഹവും സാഹോദര്യവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.

റാഗിംഗിനെതിരേ എല്ലാ ക്യാമ്പസുകളിലും ബോധവത്കരണം നടത്തും. ശക്തമായ നടപടികളെടുക്കും. ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് സെല്ലുകൾ സജീവമായി പ്രവർത്തിക്കണമെന്ന് നിരന്തരം നിർദ്ദേശം നൽകാറുണ്ട്.

ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിംഗ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്. റാഗിങ് എന്ന കുറ്റകൃത്യത്തെകുറിച്ചും വിദ്യാർത്ഥികൾ അതിനെ നേരിടേണ്ടി കൃത്യമായ രീതികളെക്കുറിച്ചും മാധ്യമങ്ങൾ കൂടുതൽ ബോധവത്കരണം നടത്തുന്നത് ഗുണകരമാണ്.
ഏതെങ്കിലും തരത്തിൽ ഒരു ദുരനുഭവം വിദ്യാർത്ഥിക്ക് ക്യാമ്പസിൽ ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ,അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാനോ വിദ്യാർത്ഥികൾ ധൈര്യമായി തയ്യാറാകണം.
അത് തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗഭാഗ്യകരമായ സംഭവങ്ങൾക്ക് തടയിടാൻ സഹായിക്കും. ഇതിനായി വലിയ ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. അതികർശനമായ നടപടികൾ റാഗിങ്ങിനെതിരെ ഉണ്ടാകും.

സാമൂഹ്യമായ പല വിപചയങ്ങളും റാഗ്ഗിങ്ങിനു വഴിവെക്കുന്നുണ്ട്. വൈകാരിക സുരക്ഷയില്ലാത്ത കുടുംബാന്തരീക്ഷങ്ങളും പലപ്പോഴും വീടുകളിൽ മനസ്സ് തുറന്ന് സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയും വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്.- മന്ത്രി പറഞ്ഞു.

റാഗിംഗ് കാര്യത്തിൽ മാത്രമല്ല, സ്വകാര്യ സർവകലാശാലകൾക്കെതിരായ സമരകാലത്ത് നയതന്ത്ര വിദഗ്ദ്ധനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായിരുന്ന ടി.പി ശ്രീനിവാസനെ കോവളത്ത് വച്ച് കരണത്തടിച്ചതിനെ ന്യായീകരിച്ച എസ്.എഫ്.ഐയെ ശക്തമായി അപലപിക്കാനും മന്ത്രി തയ്യാറായില്ല.
ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞത്. ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് അതുകേട്ട വിദ്യാർത്ഥി അടിച്ചതെന്നാണ് ആർഷോ പറഞ്ഞത്.
ശ്രീനിവാസനെ അടിച്ചത് മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്നും ആർഷോ പറഞ്ഞിരുന്നു. എസ്.എഫ്.ഐക്കാരുടെ ഭാഷയിൽ തനിക്ക് മറുപടി നൽകാനാവില്ലെന്നും ആർക്കും ആരെയും തല്ലാൻ അധികാരമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed