മ്യൂണിക്: വാക്കും പ്രവൃത്തിയും ഒന്നാകണമെന്നു പടിഞ്ഞാറന്‍ രാജ്യങ്ങളോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സ്വന്തം വീട്ടില്‍ മൂല്യം കല്‍പ്പിക്കുന്ന കാര്യങ്ങളല്ല നിങ്ങള്‍ വിദേശത്ത് പിന്തുടരുന്നതെന്നും അദ്ദേഹം. മ്യൂണിക് സുരക്ഷാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ വിദേശകാര്യമന്ത്രി തുറന്നടിച്ചത്.
നോര്‍വെ പ്രധാനമന്ത്രി ജൊനാസ് ഗഹര്‍ സ്റേറാര്‍, യുഎസ് സെനറ്റര്‍ എലീസ സ്ളോട്കിന്‍, വാഴ്സോ മേയര്‍ റഫാല്‍ ട്രസാകോവ്സ്ക് തുടങ്ങി വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ വേദിയിലിരുത്തിയായിരുന്നു ജയശങ്കറിന്‍റെ വിമര്‍ശനം.
”ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിങ്ങളുടെ മേഖലയ്ക്കു പുറത്തുള്ള വിജയകരമായ മാതൃകകളെ സ്വീകരിക്കാന്‍ തയാറാകണം. ജനാധിപത്യത്തെ പടിഞ്ഞാറിന്‍റെ തനത് ആശയമായി നിങ്ങള്‍ കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നു നിങ്ങള്‍ ഗ്ളോബല്‍ സൗത്തില്‍ ജനാധിപത്യപരമല്ലാത്ത ശക്തികളെ പ്രോത്സാഹിപ്പിച്ചു. ഇന്നും അതുതന്നെ ചെയ്യുന്നു. സ്വന്തം വീട്ടില്‍ മൂല്യം കല്‍പ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ വിദേശത്ത് പിന്തുടരാറില്ല”~ ജയശങ്കര്‍ പറഞ്ഞു.
ഗ്ളോബല്‍ സൗത്തില്‍പ്പെടാത്തവര്‍ ഇതരരാജ്യങ്ങളുടെ വിജയങ്ങളും പിഴവുകളും തിരുത്തലുകളുമെല്ലാം കാണാന്‍ തയാറാകണം. സാമ്പത്തികപ്രശ്നങ്ങളടക്കം നിരവധി വെല്ലുവിളികളുണ്ടായിട്ടും ഇന്ത്യ ശരിയായ ജനാധിപത്യ മാതൃകയില്‍ ഉറച്ചുനിന്നു. ഞങ്ങള്‍ മാത്രമേ അതു ചെയ്തിട്ടുള്ളൂ എന്നും വേണമെങ്കില്‍ പറയാം. അതുകൊണ്ട്, ശരിയായ ജനാധിപത്യ മാതൃക നിലനില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പടിഞ്ഞാറിനു പുറത്തുളള വിജയകരമായ മാതൃകകളെ സ്വീകരിക്കാന്‍ നിങ്ങള്‍ തയാറാകണം.
ജനാധിപത്യം തീന്‍മേശയില്‍ ഭക്ഷണം കൊണ്ടുവന്നു തരില്ലെന്ന യുഎസ് സെനറ്റര്‍ എലീസ സ്ളോട്കിന്‍റെ അഭിപ്രായത്തെയും ജയശങ്കര്‍ തിരുത്തി. എന്‍റെ നാട്ടില്‍ ജനാധിപത്യം അതും ചെയ്യുന്നുണ്ട്. ഞങ്ങളൊരു ജനാധിപത്യ സമൂഹമായതു മുതല്‍ പോഷകാഹാരം എല്ലാവര്‍ക്കും ഉറപ്പാക്കുന്നുണ്ട്. 80 കോടി ജനങ്ങള്‍ക്ക് ആഹാരം നല്‍കുന്നു. അതുകൊണ്ടാണ് അവര്‍ ആരോഗ്യമുള്ളവരായിരിക്കുന്നത്. ലോകത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങള്‍ വ്യത്യസ്ത രീതിയിലാണു കടന്നുപോകുന്നത്. ഏതെങ്കിലുമൊന്നു മാത്രമാണ് സാര്‍വത്രിക പ്രതിഭാസമെന്നു കരുതരുതെന്നും ജയശങ്കര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *