പട്ന: ജനസംഖ്യാ നിയന്ത്രണത്തില്‍ വിവാദപരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘സ്ത്രീയും പുരുഷനും ഒന്നിച്ച് കിടന്നാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നും പക്ഷെ ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ അതിനുള്ള അവസരം ഒരുക്കില്ലെന്നും അവര്‍ക്ക് സന്താനനിയന്ത്രണത്തിനുള്ള ലൈംഗികബന്ധരീതി അറിയാമെന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം.
ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മാപ്പുപറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. തന്റെ പരാമര്‍ശം ആരെയെങ്കിലും വേനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം.
‘എന്റെ പ്രസ്താവന ആരെയെങ്കിലും വേനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല അത്തരമൊരു പ്രസ്താവന. ജനസംഖ്യാനിയന്ത്രണത്തിന് വിദ്യാഭ്യാസം ആവശ്യമാണെന്ന് ഞാന്‍ എപ്പോഴും പറയുന്നു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്’- നിതീഷ് കുമാര്‍ പറഞ്ഞു.
നിതീഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ദേശീയ വനിതാ കമ്മീഷന് ഉള്‍പ്പടെ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന് മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണെന്നും ദേശീയ വനിത കമീഷന് പറഞ്ഞു.