സിഐടിയു പ്രവർത്തകന്റെ കൊലപാതകം: 3 പ്രതികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട്ടെ സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ഒളിവിൽ പോയ അഞ്ച് പേർക്കായി അന്വേഷണം തുടരുന്നു. ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ ബന്ധമുള്ളവരാണെന്ന് തിരിച്ചടിച്ചു. 

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ ഉൾപ്പെട്ട സംഘം തടഞ്ഞുവെച്ച് മർദ്ദിച്ചു. മുൻവൈരാഗ്യമായിരുന്നു ഇതിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തുവിനെ മർദ്ദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം ജിതിനെ വെട്ടി കൊലപ്പെടുത്തിയത്. ജിതിനും അനന്തുവിനും ഒപ്പമുണ്ടായിരുന്ന വിഷ്ണു എന്ന യുവാവിനും പരിക്കേറ്റു.

നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്,മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. 3 പേരെ പൊലീസ് പിടികൂടി. 5 പ്രതികൾ ഒളിവിലാണ്. ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയ പകയെന്നാണ് ആരോപണം. പ്രതികൾ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം പറയുന്നു. കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ മറുപടി. 

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിൽ അന്വേഷണം ശക്തം, പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ജിതിന്റെ കുടുംബത്തിന്റെ പ്രതികരണം. രാഷ്ടീയ സംഘർഷമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും. ജനറൽ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

 

 

By admin