വാഷ്ങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ.
കമന്റുകൾ ഡിസ്‌ലൈക്ക് ചെയ്യാനുള്ള അപ്ഡേഷൻ അവതരിപ്പിക്കാൻ മാതൃകമ്പനിയായ മെറ്റ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിലൂടെ ഇക്കാര്യം വ്യക്തമാക്കി.
ഉപയോക്താക്കൾക്ക് സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട്, കമന്റുകൾ നല്ലതല്ലെന്ന് സൂചിപ്പിക്കാൻ ഡിസ്‌ലൈക്ക് ബട്ടണിലൂടെ സാധിക്കും.
ഇത് അഭിപ്രായങ്ങൾ കൂടുതൽ സൗഹൃദപരമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കമന്റ് ഡിസ്‌ലൈക്ക് ചെയ്യുന്നതിലൂടെ, അത് കൂടുതൽ പേരിലേക്ക് എത്തുന്നത് തടയാൻ കഴിയുമെന്നാണ് കരുതുന്നത്.
ഫീഡ് പോസ്റ്റുകളിലേയും റീലുകളിലേയും കമന്റ് വിഭാഗത്തിലാണ് പുതിയ ബട്ടൺ ഉണ്ടാവുക. എന്നാൽ ഒരു കമന്റിന് എത്ര ഡിസ്‌ലൈക്ക് ലഭിച്ചെന്ന് ഉപയോക്താക്കൾക്ക് കാണാൻ കഴിയില്ല.
കൂടാതെ, നിങ്ങൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടോയെന്ന് മറ്റ് ഉപയോക്താക്കൾക്ക് കാണാനും സാധിക്കില്ല.
യൂട്യൂബിലെ ഡിസ്‌ലൈക്ക് ബട്ടണ് സമാനമായാകും ഇത്. യൂട്യൂബിൽ ഡിസ് ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് 2021-ൽ നിർത്തലാക്കിയിരുന്നു.
ഡിസ് ലൈക്കുകളുടെ എണ്ണം കണക്കിലെടുത്ത് കമന്റുകൾ റാങ്ക് ചെയ്യാനാകും പുതിയ ഫീച്ചറിലൂടെ മെറ്റ ലക്ഷ്യമിടുന്നത് എന്നാണ് വിവരം.