ലഖ്നോ: മഹാ കുംഭമേള നടക്കുന്ന സെക്ടർ 19 ലെ ആശ്രമത്തിൽ തീപിടിത്തം. ഏഴു ടെന്റുകൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയെന്ന് പ്രയാഗ് രാജ് എ.ഡി.ജി ഭാനു ഭാസ്കർ മാധ്യമങ്ങളെ അറിയിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കുംഭമേള നടക്കുന്ന പ്രദേശങ്ങളിൽ തീപിടിത്തം ധാരാളമായി നടക്കുന്നുണ്ട്.
അതിനാൽ തന്നെ അഗ്നിരക്ഷാ സേനയുടെ വൻ സന്നാഹം തന്നെ മഹാകുംഭമേളയിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
VIDEO | Prayagraj: Fire breaks out at ashram in Sector 19 of the Maha Kumbh area. Fire tenders at spot. More details awaited. #MahaKumbhWithPTI pic.twitter.com/qos9onBydL
— Press Trust of India (@PTI_News) February 15, 2025
ചൊവ്വാഴ്ച മഹാ കുംഭമേളയിലെ രണ്ട് ക്യാമ്പുകളിൽ തീപിടിത്തമുണ്ടായിരുന്നു. സെക്ടർ 18ലെ ഫയർ സ്റ്റേഷന് കീഴിലുള്ള ബിന്ദു മാധവ് മാർഗിലെ പൊലീസ് ലൈൻ ക്യാമ്പിലും ഹരിശ്ചന്ദ്ര മാർഗിലെ ബാപ്പ സീതാറാം പന്തലിന് അടുത്തുള്ള ഉജ്ജയിൻ ആശ്രമം ബാബയിലുമാണ് തീപിടിത്തമുണ്ടായത്.
സെക്ടർ 19ലെ കൽപവാസി ടെന്റിലും കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു. പാചക വാതകം ചോർന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് അധികൃതർ പറഞ്ഞത്.
നിരവധി ക്യാമ്പുകൾ കത്തിനശിച്ചെങ്കിലും ആളപായമുണ്ടായില്ല. ജനുവരി 25ന് കുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായി രണ്ട് കാറുകൾ കത്തിനശിച്ചിരുന്നു.