മൂന്നാം ഏകദിനം, പച്ച ആംബാന്‍ഡ് ധരിച്ച് ഗ്രൗണ്ടിലിറങ്ങി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍, കാരണമറിയാം
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൈയില്‍ പച്ച ആംബാന്‍ഡ് ധരിച്ചിറങ്ങി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍. ടോസിനായി ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറുടെയും കൈകളില്‍ പച്ച ആംബാന്‍ഡ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഗ്രൗണ്ടിലിറങ്ങിയ താരങ്ങളും പച്ച ആം ബാന്‍ഡ് ധരിച്ചാണ് ഇറങ്ങിയത്.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിസിഐ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇരു ടീമിലെയും താരങ്ങള്‍ കൈകളില്‍ പച്ച ആംബാന്‍ഡ് ധരിച്ച് മൂന്നാം ഏകദിനത്തിനായി ഗ്രൗണ്ടിലിറങ്ങിയത്. ഐ സി സി ചെയര്‍മാനായ ജയ് ഷായാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചതെന്ന് ബിസിസിഐ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
“അവയവദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആളുകളെ പ്രചോദിപ്പിക്കാനും ഒന്നിപ്പിക്കാനും ഗ്രൗണ്ടിലുപരി സമൂഹത്തില്‍ സ്വാധീനം ചെലുത്താനും സ്പോര്‍ട്സിന് ശക്തിയുണ്ടെന്നും ജയ് ഷാ വ്യക്തമാക്കി. ഒരു പ്രതിജ്ഞയിലൂടെ, ഒരു തീരുമാനത്തിലൂടെ ഒന്നിലധികം ജീവൻ രക്ഷിക്കാൻ കഴിയുമെന്നും, നമുക്ക് ഒരുമിച്ച് നിന്ന് ഒരു മാറ്റമുണ്ടാക്കാമെന്നും ജയ് ഷാ എക്സ് പോസ്റ്റില്‍ പറഞ്ഞു.
12000 pledge and counting!
Join the organ donation initiative at the Narendra Modi Stadium in Ahmedabad! 🏟️
Pledge to donate your organs and make a difference!#DonateOrgansSaveLives | @JayShah | @GCAMotera pic.twitter.com/dyj4K0O5rM
— BCCI (@BCCI) February 12, 2025
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലിറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഷമിക്കും ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെ പരിക്കുമൂലമാണ് ഒഴിവാക്കിയതെന്ന് ടോസിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.