ദീപു ഫിലിപ്പ്
കോന്നി: നാല് യുവതികളെ വിവാഹം ചെയത വിവാഹതട്ടിപ്പുകാരൻ പൊലീസ് പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ താമസക്കാരനുമായ ദീപു ഫിലിപ്പാണ് (36) കോന്നി പൊലിസിന്റെ പിടിയിലായത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളെയാണ് ഇയാൾ കെണിയിൽ വീഴ്ത്തുന്നത്. വിവാഹം കഴിച്ച് കുറച്ച് ദിവസം താമസിച്ച ശേഷം സ്വർണവും പണവുമായി മുങ്ങുകയാണ് പതിവ്.
ദീപുവിന്റെ രണ്ടാം ഭാര്യ നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ് ബുക്ക്‌ സുഹൃത്താണ്. അവർ നൽകിയ വിവരമാണ് വിവാഹത്തട്ടിപ്പ് വീരനെ കുടുക്കിയത്.
കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കടന്നു.
തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി. അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്തു.
തുടർന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കൽ വച്ച് വിവാഹം കഴിച്ചു. ഇവരെ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തും യുവാവിന്റെ രണ്ടാം ഭാര്യയുമായ കാസർകോട് സ്വദേശി വഴി ദീപുവിന്റെ തട്ടിപ്പ് തിരിച്ചറിയുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ വിവാഹത്തട്ടിപ്പുവീരനെ കോന്നി പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *