തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടിതോരണങ്ങൾ, പോസ്റ്ററുകൾ, ഫ്ളക്സുകൾ, മൈക്കിൽക്കൂടിയുള്ള ശബ്ദശ ല്യങ്ങൾ, പ്രകടനങ്ങൾ, റാലികൾ, ജാഥകൾ ഒന്നുമില്ല. ഒച്ചയും ബഹളവും കീജെയ് വിളികളുമില്ല. തികച്ചും ശാന്തവും നിശബ്ദവുമായ തെരഞ്ഞെടുപ്പ് പ്രചാരണം കാണണമെങ്കിൽ ഇന്ത്യയിലെ തന്നെ സംസ്ഥാനമായ മിസോറാമിലേക്ക് പോരുക. അവിടുത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ലോകത്തിനുതന്നെ മാതൃകയായി മാറിയിരിക്കുന്നു.
മിസോറാമിൽ ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. 40 അംഗ അസംബ്ലിയാണ് മിസോറാമിലേത്. പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള മിസോറാമിൽ 94 % വും ആദിവാസി ജനസമൂഹമാണ്. ഇവരിൽ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. ഇന്ത്യയിൽ ആദിവാസി –  ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ഏക സംസ്ഥാനവും മിസോറാമാണ്‌.
തെരഞ്ഞെടുപ്പിൽ ഒച്ചയും ബഹളവുമില്ലാത്തതിനാൽ ജനങ്ങളും വളരെ ഹാപ്പിയാണ്. ഇന്ത്യയിലെ വിദ്യാസമ്പന്നമായ സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് മിസോറാം.
എന്തുകൊണ്ടാണ് യൂറോപ്പ് – അമേരിക്കൻ മോഡലിൽ നിശബ്ദവും ശാന്തവുമായ ഒരു തെരഞ്ഞെടുപ്പ് രീതി മിസോറാമിൽ യാഥാർഥ്യമായത്.

അതായത് മിസോറാമിലെ വളരെ ശക്തമായ ഒരു സംഘടനയാണ് മിസോറാം പീപ്പിള്‍സ് ഫോറം (എംപിഎഫ്). ഇത് രണ്ട് എന്‍ജിഒകളുടെ (യംഗ് മിസോ അസോസിയേഷന്‍ (വൈഎംഎ), മിസോറാം ഹ്മെയിഷെ ഇൻസുയിഹ്ഖാം പൗൾ (Mizoram Hmeichhe Insuihkhaom Pawl) (എംഎച്ച്ഐപി) സന്നിവേശത്തിൽ രൂപപ്പെട്ടതാണ്. മിസോറാമിലെ എല്ലാ മേഖലകളിലും എംപിഎഫ് മികവുറ്റ സാമൂഹ്യ സന്നദ്ധ സേവനങ്ങൾ നൽകിവരുന്നുണ്ട്.
2008 ൽ മിസോറാമിലെ എല്ലാ രാഷ്ട്രീയപാർട്ടികളെയും ചർച്ച് അധികൃതരെയും ജനപ്രതിനിധികളെയും    വിളിച്ചുചേർത്ത് മിസോറാം പിപ്പിള്‍സ് ഫോറം (എംപിഎഫ്) ഒരു ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഇതിൽ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട 5 പേജുൾക്കൊള്ളുന്ന ഒരു മാർഗ്ഗരേഖ തയ്യറാക്കപ്പെട്ടു. ഈ മാർഗ്ഗരേഖ പൂർണ്ണമായും പാലിക്കപ്പെടാൻ എല്ലാ രാഷ്ട്രീയപാർട്ടികളും സന്നദ്ധരായി അതിൽ ഒപ്പുവച്ചു.
മാർഗ്ഗരേഖയുടെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുകയും പണത്തിന്റേയും അധികാരത്തിന്റെയും ദുർവിനിയോഗം തടയുകയും അക്രമങ്ങളും അനാവശ്യ പ്രചാരണങ്ങളും ശബ്ദകോ ലാഹലങ്ങളും ഒഴിവാക്കി ലളിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സാദ്ധ്യമാക്കുക എന്നതാണ്.
അധികാരികൾക്കും പോലീസിനും ഒപ്പം ചേർന്നാണ് മിസോറാം പീപ്പിൾസ് ഫോറം (എംപിഎഫ്) തെരഞ്ഞെടുപ്പുകൾ നിരീക്ഷിക്കുന്നത്. ഈ സംഘടന അതാത് സ്ഥലങ്ങളിൽ ഓരോ മണ്ഡലത്തിലെയും എല്ലാ പാർട്ടി സ്ഥാനാർഥികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള യോഗങ്ങൾ ആസൂത്രണം ചെയ്യുകയും അവർക്കു പറയാനുള്ളത് ജനങ്ങളോട് വിവരിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. സദസ്സിലുള്ള ഏതാനും വ്യക്തികൾക്ക് സ്ഥാനാർത്ഥികളോട് ചോദ്യം ചോദിക്കാനുള്ള അനുവാദവും ലഭ്യമാണ്.
വൈകുന്നേരങ്ങളിലാണ് ഇത്തരം യോഗങ്ങൾ നടക്കുക. കാരണം ജോലികഴിഞ്ഞ് അപ്പോഴാണ് ആളുകൾ വീടണയുക എന്നതുതന്നെ. പ്രത്യേക യൂണിഫോം ധരിച്ച എംപിഎഫ് വളണ്ടിയർമാരാണ് യോഗങ്ങൾ നിയന്ത്രിക്കുന്നത്.
ഈ യോഗസ്ഥലങ്ങളിൽ എത്ര ബാനറുകളും പോസ്റ്ററുകളും ഓരോ സ്ഥാനാർത്ഥിക്കും താൽക്കാലികമായി സ്ഥാപിക്കാമെന്ന് എംപിഎഫ് ആണ് തീരുമാനിക്കുക. യോഗശേഷം അവ അഴിച്ചുമാറ്റുകയും ചെയ്യേണ്ടതുണ്ട്.
അതുപോലെതന്നെ നഗരത്തിൽ, പ്രധാനപാതകളിൽ ഓരോ പാർട്ടിക്കും എത്ര പോസ്റ്ററുകൾ അവിടെയൊക്കെ പതിക്കാം എന്നത് തീരുമാനിക്കുന്നതും എംപിഎഫ് വളന്റിയര്മാരാണ്.

സ്ഥാനാർത്ഥികൾ വീടുവീടാന്തരം പോയുള്ള പ്രചാരണങ്ങൾ അനവദനീയമല്ല. എന്നാൽ ചർച്ചകളുടെ അനുവാദത്തോടെ ഞായറാഴ്ചദിവസം ചർച്ചിൽ വരുന്നവരെ കാണുവാനും വോട്ടുചോദിക്കാനും അനുവാദമുണ്ട്.
ഈ മാർഗ്ഗരേഖകൾ ഏതെങ്കിലും സ്ഥാനാർഥി ലംഘിച്ചാൽ എംപിഎഫ് അക്കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയും നിയമവിരുദ്ധമായി നീങ്ങുന്ന സ്ഥാനാർത്ഥിയെ ജയിപ്പിച്ചുവിട്ടാലുള്ള ഭവിഷ്യത്ത് ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യുന്നു.
ചില പാർട്ടിക്കാർക്കെങ്കിലും എംപിഎഫിന്റെ കടുത്ത നിയമാവലിയിൽ അമർഷമുണ്ടെങ്കിലും അവരുടെ പ്രയത്നം സഫലമാണെന്നും ജനപിന്തുണ അവർക്കുണ്ടെന്നും സമ്മതിക്കുന്നുമുണ്ട്.
മിസോറാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹമാണ്. മണിപ്പൂരിന്റെ അതിർത്തിരാജ്യങ്ങൾ മ്യാൻമാർ, ബംഗ്ളാദേശ് എന്നിവയാണ്. തൊട്ടടുത്ത് മണിപ്പൂർ സംസ്ഥാനവും. 
അടുത്ത കാലത്ത് മണിപ്പൂരിൽ നടന്ന സംഘർഷങ്ങൾ മൂലം 12000 ആളുകളാണ് നാടും വീടുമുപേക്ഷിച്ച് അവിടെ നിന്നും അഭയാർത്ഥികളായി എത്തിയത്. മ്യാൻമാരിൽ 2021 ൽ നടന്ന ഭരണ അട്ടിമറിയെത്തുടർന്ന് 32000 പേരാണ് അവിടെനിന്നും മണിപ്പൂരിൽ അഭയം തേടിയിരിക്കുന്നത്.
പ്പോഴത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുഖ്യ ആവശ്യം അഭയാർത്ഥി പ്രശ്‍നം പരിഹരിക്കുക എന്നതോടൊപ്പം ശോച്യാവസ്ഥയിലുള്ള റോഡുകൾ നന്നാക്കുകയും സ്‌കൂളുകളുടെ നിലവാരം ഉയർത്തുക എന്നതുമാണ്.
കൂടാതെ സിവിൽ സർവീസ് പോലുള്ള ഉന്നത മേഖലകളിൽ തങ്ങളുടെ പ്രതിനിധ്യത്തിനായി കൂടുതൽ മികവുറ്റ പഠനസൗകര്യം സംസ്ഥാനത്തൊരുക്കുക എന്നതും ആവശ്യങ്ങളിൽ പ്രധാനമാണ്. യുവാക്കളിൽ തൊഴിലില്ലായ്മായാണ് അവർ നേരിടുന്ന മുഖ്യ പ്രതിസന്ധി.
ഒരു കാര്യം നാമറിയേണ്ടത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളോട് അവരുടെ നയങ്ങളെപ്പറ്റിയും നടപ്പാക്കാനാഗ്രഹിക്കുന്ന ക്ഷേമപ്രവർത്തനങ്ങളെപ്പറ്റിയുമൊക്കെ ജനങ്ങൾക്ക് അവരോട് നേരിട്ട് ചോദിയ്ക്കാൻ അനുവാദമുള്ള ജനതയാണ് ഇന്ന് മിസോറാമിലുള്ളത് എന്ന വസ്തുതയാണ്. എംപിഎഫ് ജനങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കിനൽകുന്നു. എംപിഎഫ് ഇപ്പോഴും മിസോ ജനതയ്‌ക്കൊപ്പമാണ്.
എത്ര മനോഹരമാണ് ഈ ജനാധിപത്യ സംസ്കാരം. ഇതാണ് കരുത്തുറ്റ ജനാധിപത്യത്തിന്റെ ആധാരശില. ചിന്തിക്കൂ… പ്രബുദ്ധരായ നമ്മുടെ നാട്ടിൽപ്പോലും അത് സാദ്ധ്യമാണോ ?
കുറെ ഉപഗ്രഹങ്ങൾക്കൊപ്പം കൈകൂപ്പി പല്ലിളിച്ചുവരുന്ന സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നു, അടുത്ത ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അതിൻ്റെ തനിയാവർത്തനങ്ങൾ തുടരുന്നു.. ചോദ്യം പോയിട്ട് ഒരു ആവലാതി പറയാൻ പോലും നമുക്കിവിടെ അവസരമുണ്ടോ ?

By admin

Leave a Reply

Your email address will not be published. Required fields are marked *