തൃശ്ശൂര്‍: കൊടിസുനിയെ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍. ജയിലില്‍ തടവുകാര്‍ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊടിസുനിക്ക് പരിക്കേറ്റതെന്നാണ് അധികൃതർ പറയുന്നത്. കൊടിസുനിയാണ് ജയിലധികൃതരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണില്‍ മുളകുപൊടി വീണ നിലയിൽ ഞായറാഴ്ച രാത്രിയാണ് കൊടിസുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലിലെ അടുക്കളയില്‍ തടവുകാർ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് കണ്ണില്‍ മുളകുപൊടി പോയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, കൊടിസുനിയെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുടെയും ആരോപണം. കണ്ണില്‍ മുളകുപൊടി തേച്ച് കെട്ടിയിട്ടാണ് മര്‍ദിച്ചതെന്നും 25-ഓളം ഉദ്യോഗസ്ഥരാണ് കൊടിസുനിയെ മര്‍ദ്ദിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
വിയ്യൂര്‍ ജയിലില്‍ ഉണ്ടായ അക്രമത്തില്‍ കൊടിസുനിയടക്കം പത്തു തടവുകാരുടെ പേരില്‍ വിയ്യൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്.