എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുല്ലേപ്പടി വരെ, മീറ്ററിൽ 46, വാങ്ങിയത് 80; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് അധിക ചാർജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബത്തിൽ നിന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ അമിത ചാർജ് ഈടാക്കിയത്. മീറ്റർ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് എത്രയാകും എന്ന് ചോദിച്ചപ്പോൾ ഒരു ഡ്രൈവർ പറഞ്ഞത് 100 രൂപ വേണമെന്നാണ്. ഗതാഗത കുരുക്കാണ് കാരണമായി പറഞ്ഞത്. തുടർന്ന് മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോൾ 80 രൂപ എന്ന് പറഞ്ഞു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ മീറ്ററിൽ കാണിച്ചത് 46 രൂപ മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡ്രൈവർ മോശമായി സംസാരിച്ചെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിൽ യാത്രക്കാരൻ ഗതാഗത വകുപ്പ് കമ്മിഷണർക്കു പരാതി നൽകി. അമിത ചാർജിനൊപ്പം ഡ്രൈവറുടെ മോശം പെരുമാറ്റവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ആർടിഒ ഡ്രൈവർ പി കെ സോളിയെ വിളിച്ചുവരുത്തി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നിയമ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു.
ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്ആർടിസി; പാഴ്സൽ അയക്കാൻ ചെലവേറും, അഞ്ച് കിലോ വരെ വർധനയില്ല