മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് ബസ് സർവിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
നിലവിൽ മൂന്ന് സർവിസുകളാണ് ദിവസം നടത്തുന്നത്. രാവിലെ ഏഴ് മണി, 10 മണി, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടുന്ന സമയം. രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ, ലോക്ക്ഹാർട്ട്, മലയില് കള്ളന് ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങൾ ബസ് സന്ദർശിക്കും.
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം. മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്.
തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഡബ്ൾ ഡക്കർ സർവിസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി സർവിസ് തുടങ്ങിയിരിക്കുന്നത്. യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്.
ബസിന്റെ മുകൾ ഭാഗത്തെയും ബോഡി ഭാഗങ്ങളിലെയും ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. മ്യൂസിക്ക് ഉൾപ്പെടെ ബസിലുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രാ കേന്ദ്രങ്ങളെ കുറിച്ച് വിവരണം നൽകും. യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജിങ് നടത്താനുമാകും.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1