എൺപതുകളിലെ കെഎസ്ആർടിസി ബസുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്ന പരസ്യങ്ങളായിരുന്നു സാജൻ വർഗീസിന്റെ ഓറിയെന്റൽ ഫൈനാൻസിയേഴ്സും പിന്നെ രാജന്റെ ലാബെല്ല ഫൈനാൻസിയേഴ്സും.
ഓറിയെന്റൽ ഫൈനാൻസ് ചെന്നൈയിൽ നിന്നാരംഭിച്ചുകൊണ്ട് കേരളം ഒന്നടങ്കം കീഴടക്കിയപ്പോൾ പിന്നാലെ വന്ന ലാബെല്ലാ രാജൻ കേരളത്തിൽ തരംഗം സൃഷ്ടിച്ചു.

സാജൻ പിന്നീട് സിനിമ മേഖലയിലേക്ക് ചുവടുറപ്പിച്ചു. സാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുകുമാരക്കുറുപ്പിന്റെ എൻഎച്ച് 47 നു ശേഷം ‘മമ്മുട്ടി – പെട്ടി – മാമാട്ടിക്കുട്ടി’ സിനിമകളും ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടനും’ പ്രിയന്റെ ‘കടത്തനാടൻ അമ്പാടി’യും ഒക്കെ എടുത്ത് വിലസിയെങ്കിലും കടത്തനാടൻ അമ്പടിയോടെ കേരളത്തിലെ നവോദയ അപ്പച്ചൻ – മനോരമ ലോബി സാജന്റെ ചിറകരിഞ്ഞു. ഒരൊറ്റ വാർത്തയിൽ സാജന്റെ ഓറിയെന്റൽ ഫൈനാൻസ് തവിടുപൊടിയായി.

ഓറിയെന്റൽ തവിടുപൊടിയായതോടെ 25 മുതൽ 35 ശതമാനം പലിശ മോഹിച്ചുകൊണ്ട് പണം നിക്ഷേപിച്ചവർ പരക്കം പാഞ്ഞു. ഈ വാർത്തകളിൽ ലാബെല്ലയും പൂട്ടിക്കെട്ടി. കൊച്ചിയിലെ ഒരു ലോഡ്ജ്മുറിയിൽ ലാബെല്ല രാജനും ജീവിതം അവസാനിപ്പിച്ചു. 

ഇങ്ങനെയൊരു കച്ചവട സാധ്യത ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കിയ മനോരമ ഗ്രൂപ്പില്‍ നിന്നും ഇന്റഗ്രേറ്റഡ് ഫൈനാൻസ് എന്നൊരു സ്ഥാപനം റിട്ടയേർഡ് ഉദ്യോഗസ്ഥരെയും അമേരിക്കൻ നഴ്സുമാരെയും ലക്‌ഷ്യം വെച്ചുകൊണ്ട് ആരംഭിച്ചു. കെഎസ്ആർടിസി ബസുകളും എംസി റോഡും നാഷണൽ ഹൈവേയും പരസ്യങ്ങൾ കൊണ്ട് നിറഞ്ഞു . 
പിന്നീട് എല്ലാം മായപോലെ അപ്രത്യക്ഷമായി. വാർത്തകളിൽ സ്ഥാനം പിടിക്കാതെ അതും ഓർമ്മയായി. പക്ഷെ അപ്പോഴും ഫരീദാബാദ് കേന്ദ്രമായി ഇരിങ്ങാലക്കുടക്കാർ കുറിക്കമ്പനികൾ മാന്യമായി നടത്തിപോന്നിരുന്നു എന്നതും സത്യമായിരുന്നു.

തൊണ്ണൂറുകളുടെ ആരംഭത്തിൽ പാലക്കാട് കൽമണ്ഡപം ആസ്ഥാനമാക്കിക്കൊണ്ട് എച്ച്.വൈ.എസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം ആരംഭിച്ചു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് നൂറുകണക്കിന് സ്ഥാപനങ്ങൾ വേറെയും വന്നു. കേരളത്തിലെ ഒന്നാം കിട പത്രങ്ങളിലും റോഡ്‌വക്കിലെ ഹോർഡിങ്ങുകളിലും ആട് – തേക്ക് – മാഞ്ചിയം എന്ന പേരിൽ ജനങ്ങളിൽനിന്ന് പണം പിരിച്ചുകൊണ്ട് നിക്ഷേപങ്ങൾ സ്വീകരിച്ചു. 

ആടിനെ വളർത്തൽ, തേക്ക്, മാഞ്ചിയം പോലുള്ള മരങ്ങൾ നടൽ അങ്ങനെയങ്ങനെ കോടിക്കണക്കിന് രൂപ കൈക്കലാക്കിക്കൊണ്ട് തമിഴ്‍നാട്ടിലെ തരിശുഭൂമി തീറെഴുതികൊടുത്തു. 
പണം വകമാറ്റി ചിലവഴിച്ച ശേഷം അവസാനം ആടുമില്ല തേക്കുമില്ല മാഞ്ചിയവുമില്ല എന്ന് പണമിറക്കിയവൻ മനസിലാക്കിയപ്പോഴേക്കും കോയമ്പത്തൂരിലെ സായിബാബ കോളനിയിലെ മുതലാളിമാർ സ്വയം ജീവനൊടുക്കിയിരുന്നു. പരസ്യം ചെയ്തവന്റെ വീട്ടിൽ പത്രക്കാർ വന്നപ്പോൾ അച്ഛൻ ഹൃദയംപൊട്ടി മരിക്കുകയായിരുന്നു.
പിന്നീട് റിസോർട്ടുകളിൽ ടൈം ഷെയർ എന്ന പേരിൽ പണം സ്വീകരിച്ചുകൊണ്ട് വർഷത്തിൽ ഒരു തവണ രണ്ടോ മൂന്നോ ദിവസം കുടുംബവുമൊത്ത് താമസിക്കാമെന്ന പേരിൽ കുറെയധികം ഗൾഫുകാരുടെ പണം കുറെ തമിഴന്മാരും വടക്കേ ഇന്ത്യക്കാരും വെട്ടിവിഴുങ്ങി. 

അളകനന്ദ ഫാംസ് റിസോർട്സ്, ശാന്തിമഠം അങ്ങനെയങ്ങനെ നൂറുകണക്കിന് കമ്പനികളാണ് ദുബായിലെയും അബുദാബിയിലെയും ഖത്തറിലെയും സൗദിയിലെയും അമേരിക്കയിലെയും എൻആർഐകാരുടെ പണം ഒന്നടങ്കം വിഴുങ്ങിയത്.

അവരൊക്കെ ഇപ്പോൾ ജയിലിൽ സുഖവാസത്തിലാണ്. പിന്നീട് ലിസ് എന്നപേരിൽ ലോട്ടറി ടിക്കറ്റിൽ പണം നിക്ഷേപിച്ചുകൊണ്ടുള്ള ഒരു കളി ആരംഭിച്ചു. അതും ലോട്ടറി പോലെത്തന്നെ അവസാനിച്ചു. അതുകഴിഞ്ഞു മുസ്‌ലി പവർ എക്സ്ട്രാ എന്ന പേരിലും വേറെ തട്ടിപ്പ് വന്നെങ്കിലും അതും പൂട്ടികെട്ടി.
അതുകഴിഞ്ഞു പണം കൈക്കലാക്കിയത് കൊച്ചിയിലെ ചില ഫ്ലാറ്റ് അപ്പാർട്മെന്റ് മുതലാളിമാർ ആയിരുന്നു. അവരുടെയും ലക്‌ഷ്യം ഗൾഫ്‌തന്നെ ആയിരുന്നു. പിന്നെ പാവപ്പെട്ട ചില അമേരിക്കൻ നഴ്‌സുമാരും. യേശുദാസിന്റെയും മമ്മുട്ടിയുടെയും മോഹൻലാലിന്റേയും ഒട്ടേറെ സുന്ദരികളായ നടിമാരുടെ പേരിലൊക്കെ അവർ പണംപിരിച്ചു വിലസി. 
ഇപ്പോൾ അവരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. ബെംഗളൂരു റിയൽ എസ്റ്റേറ്റ് മതിയാക്കി കൊച്ചിയിൽ വന്നുവിലസിക്കൊണ്ട് ഒട്ടേറെ വമ്പൻ കമ്പനിക്കാർ ചാനലുകളിലെ റിയാലിറ്റി ഷോയിൽ വീടും ഫ്ലാറ്റുമൊക്കെ കൊടുക്കാമെന്ന മോഹവലയത്തിൽ ജനങ്ങളെ പറ്റിച്ചുകൊണ്ട് ഇന്നിപ്പോൾ എല്ലാം ദുബായിലേക്ക് ചേക്കേറിയിരിക്കുന്നു.

അതിന്നിടയിലാണ് ശബരീനാഥന്റെ വരവ്. കേവലം 22 വയസ് മാത്രം ഉണ്ടായിരുന്ന ഒരു മീശമുളക്കാത്ത പയ്യൻ ‘ടോട്ടൽ ഫോർ യു’ എന്ന പേരിൽ സുന്ദരിയായ ഒരു ഡോക്ടർ അമ്മായിയേയും കൂട്ടുപിടിച്ചുകൊണ്ട് 200 ൽ പരം കോടിയും മുപ്പത്തിയെട്ടോളം ആഡംബര കാറുകളും സ്വന്തമാക്കി വിലസിയതും കേരളത്തിൽ തന്നെ.

തലസ്ഥാനത്തെ ജോലിക്കാരുടെ പ്രോവിഡന്റ് ഫണ്ടും നിക്ഷേപങ്ങളുമാണ് ശബരീനാഥ്‌ ലക്‌ഷ്യം വെച്ചത്. ഇപ്പോൾ 20 കൊല്ലത്തിനു ജയിൽശിക്ഷ അനുഭവിക്കുന്നുണ്ടെങ്കിലും ചെറിയ പ്രായത്തിൽ തന്നെ നല്ലതുപോലെ വിലസിയ അനുഭൂതിയിലാണ് ജയിൽ ജീവിതം തള്ളിനീക്കുന്നത്. 
കേരളത്തിലെ ഒരു അദ്ധ്യാത്മിക നേതാവിന്റെ പേരിൽ അദ്ദേഹത്തിന്റെ മകന്റെ ഒത്താശയോടുകൂടി മലപ്പുറം ജില്ലയിലെ കോലൊളമ്പ് എന്ന സ്ഥലത്തും കുറ്റിപ്പുറം അങ്ങാടിയിലും രണ്ടു വിളവന്മാർ ചേർന്നുകൊണ്ട് പിരിച്ചെടുത്തത് ഏകദേശം അറുനൂറിൽ പരം കോടികൾ.
അബുദാബിയിലെ ഒരു ജോർദ്ദാനി കച്ചവടക്കാരനിൽ നിക്ഷേപിച്ചുകൊണ്ട് ഒരു ലക്ഷത്തിനു അയ്യായിരം ലാഭം കൊടുത്തുകൊണ്ട് എടപ്പാൾ കോലൊളമ്പ് സ്വദേശി പണം പിരിക്കുകയും അവസാനം ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 
അക്കാലയളവിൽ തന്നെ കുറ്റിപ്പുറത്തെ ഖാളിയുടെ മകൻ നൂർ മുസ്ല്യാർ അവരുടെ അദ്ധ്യാത്മിക നേതാവിന്റെ മകന്റെ ഒത്താശയോടുകൂടി പിരിച്ചെടുത്തത് മുന്നൂറു കോടിയോളമാണ്.

ഹിന്ദുക്കളിൽ നിന്നും പണം വാങ്ങാതെ, ദൈവവുമായി ഏറെ അടുപ്പമുള്ള മുസ്ലിം സഹോദരീ സഹോദരന്മാരിൽ നിന്നും മാത്രം, അതും ഇരുപത്തിയഞ്ചു ലക്ഷത്തിനു മേലെ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. പണം കയ്യിൽ വാങ്ങുന്നതിനുമുമ്പ് അഞ്ചു റാക്കാഅത്ത് സുന്നത്ത് നമസ്കരിച്ചുകൊണ്ട് പ്രാർത്ഥിച്ചുകൊണ്ടായിരുന്നു പണം കൈപ്പറ്റിയിരുന്നത്.

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബെൻസ് എസ് ക്‌ളാസും ബിഎംഡ്ബ്ള്യു സെവൻ സീരീസും ഒക്കെ വാങ്ങി വിലസിയിരുന്ന വിരുതൻ ആദ്യഭാര്യക്ക് ഭംഗി പോരാതെ ചെറുപ്പം ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുകയും ചെയ്തു.
കൂടാതെ മലയാള സിനിമയിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്ത് ഭക്തിമാർഗത്തിൽ വാങ്ങിയ പണം ദുബായിൽ ഡാൻസ്ബാർ നടത്തിയിരുന്ന ആളിലായിരുന്നു ഇൻവെസ്റ്റ് ചെയ്തിരുന്നത്.
എല്ലാം കേസ് ആകുമ്പോൾ ഇവന്മാരൊക്കെ എസ്ഡിപിഐ, പിഎഫ്ഐ പോലുള്ള സംഘടനകളിലെ ചില ആളുകളെ കൂട്ടുപിടിച്ചുകൊണ്ട് ജനങ്ങളിൽ നിന്നുള്ള എതിർപ്പുകൾ മാനേജ് ചെയ്യും. ഈയടുത്ത് ഈ മുസ്ല്യാരുടെ സഹോദരന്റെ മകന്റെ നിക്കാഹ് വേളയിൽ പണം കൊടുക്കുവാനുള്ള ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചതും പുറത്തുവന്നിരുന്നു. 

ദുബായിലെയും അബുദാബിയിലെയും ചെറിയ ശമ്പളക്കാരായ തൊഴിലാളികളെകൊണ്ട് ലാഭം കൊടുക്കാമെന്ന പേരിൽ പണം പിരിച്ചുകൊണ്ട്, അതും മതത്തിന്റെ പേരിലുള്ള ഹലാൽ കച്ചവടം എന്നൊക്ക പറഞ്ഞു പറ്റിച്ചുകൊണ്ട് അബ്ദുറഹ്മാൻ എന്നൊരാളെ എൻഐഎ പൊക്കുകയുണ്ടായി. 

ആ പണമൊക്കെ കൊച്ചിയിലെ ന്യു ജെൻ സംവിധായകന്റെ മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിൽ നിക്ഷേപിക്കുകയും ഒരു രൂപ ലാഭം കിട്ടാത്ത അവസ്ഥയുണ്ടാകുകയും ചെയ്‌തിരിക്കുന്നു.
ക്യു നെറ്റ്, ആംവേ, ബിക്ക്മാർക്ക് എന്നൊക്കെ നൂറായിരം പേരുകളിൽ മണിചെയിൻ കമ്പനികളും, ആ പഴയ വീഞ്ഞ് പുതിയ കുപ്പികളിൽ ആക്കിക്കൊണ്ട് ക്രിപ്റ്റോ കറൻസികളുടെ പേരിൽ, കോയിനുകൾ എന്നപേരിലുമൊക്കെ ആയിരക്കണക്കിന് കോടികൾ തട്ടിയെടുത്ത വിരുതന്മാർ ഇന്നിപ്പോൾ ദുബായിൽ ബുർജ് ഖലീഫയിൽ അപ്പാർട്മെന്റും ഓഫീസും റോൾസ്‌റോയിസുമായി വിലസുമ്പോൾ പണം പോയവർ നാട്ടിൽ കുഴിമന്തിയുമടിച്ചു ജീവിതം തള്ളിനീക്കുന്ന കഥകൾ ഒട്ടെറെ.
അത് കഴിഞ്ഞപ്പോൾ കുറെയധികം തലച്ചോറുകൾ എൻഎഫ്ടി എന്നപേരിലൊക്കെ കുറെ കഥകൾ ഉണ്ടാക്കിനോക്കി. ക്രിപ്റ്റോയിൽ ആളെക്കൊന്നു വിരൽമുറിച്ചു പാസ്സ്‌വേർഡ് സ്വന്തമാക്കിയ വിരുതന്മാരും കേരളത്തിൽ തന്നെയുണ്ട്.
ഇക്കളികളിൽ ഏറ്റവും ബുദ്ധിയുള്ള തട്ടിപ്പ് നടത്തിയത് ഒരു പത്രത്തിന്റെ മറവിൽ ‘ന്യുസ് വേ’ എന്നപേരിലായിരുന്നു. ഇരുപത്തിയഞ്ചു കൊല്ലം മുൻപ് അമ്പതുകോടിയാണ് അതിലൊരു വിരുതൻ മുക്കിയത്.

യൂണിവേഴ്സൽ ട്രേഡിങ്ങ് സൊല്യൂഷൻസ് എന്ന പേരിൽ ഒരു കോയമ്പത്തൂർ കമ്പനി 3500 കോടി രൂപയാണ് പാലക്കാട് നിന്നും കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും തട്ടിയെടുത്തത്. മുതലാളി ഗൗതം ഇപ്പോൾ അമേരിക്കയിൽ വിലസി നടക്കുന്നുമുണ്ട്.

ഹൈറിച്ച് എന്ന പേരിൽ തൃശൂരിലെ ദമ്പതികൾ കോലാട്ട് ദാസൻ പ്രതാപനും സഹധർമ്മിണി ശ്രീനാ പ്രതാപനും ചേർന്നുകൊണ്ട് 1700 കോടിയാണ് തൃശൂർ ജില്ലയിൽ നിന്നുമാത്രം തട്ടിയെടുത്തത്. 
പകുതിപണവും ദുബായിലെത്തിച്ചു കഴിഞ്ഞിരിക്കുന്നു. പണമുണ്ടാക്കിയവർ ജയിലിൽ ആയെങ്കിലും ബന്ധുക്കൾ ദുബായിൽ വിലസുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പും ഇതുപോലെതന്നെയുള്ള തട്ടിപ്പുകളുടെ ഉപ്പാപ്പയാണ്.
അതിൽ ചതിയും വിശ്വാസ വഞ്ചനയും ഒളിഞ്ഞുകിടപ്പുണ്ട്. കാരണം മറ്റേതൊക്കെ ആർത്തി മൂത്തവരുടെ പണമാണ് പോയതെങ്കിൽ കരുവന്നൂർ ബാങ്കിലേത് പാവപ്പെട്ടവന്റെ സമ്പാദ്യമാണ് അടിച്ചുമാറ്റിയത്.
എല്ലാം ഏറെക്കുറെ കഴിഞ്ഞുവെന്ന് കരുതി ഇരിക്കുമ്പോഴാണ് സിഎസ്ആർ അഥവാ ചാരിറ്റിയുടെ ബഡ്ജറ്റിന്റെ പണം ചേർത്തുകൊണ്ട് നിങ്ങൾക്കാവശ്യമുള്ള സ്കൂട്ടറോ അതുപോലെയുള്ള സാധനങ്ങളോ പാതിവിലക്ക് തരാമെന്ന ഉറപ്പിൽ ഒരു വിരുതൻ ആയിരം കോടിയോളം തട്ടിയെടുത്തിരിക്കുന്നത്. 

കേരളത്തിലെ സ്ത്രീകൾ വണ്ടികൾ ഓടിച്ചു കളിക്കട്ടെ എന്ന ആത്മാർത്ഥമായ സ്നേഹത്തിൽ എൻജിഒകളുടെ പേരിൽ പണം തട്ടിയെടുത്തുകൊണ്ട് ആയിരം കോടിയോളം അക്കൗണ്ടിൽ വരുത്തി ആ പണമൊക്കെ വേറെ എങ്ങോട്ടോ കമഴ്ത്തി ഇന്നിപ്പോൾ രാഷ്ട്രീയക്കരുടെ പേരുകൾ വിളിച്ചുപറയുമെന്നു ഭീഷണിപ്പെടുത്തി വായ്മൂടിക്കെട്ടിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുമ്പോൾ നമ്മൾ ഇതെല്ലം കാണുവാനും കേൾക്കുവാനും വിധിക്കപ്പെട്ടവർ.

ഏറ്റവും കൂടുതൽ പണം നിക്ഷപിക്കുന്ന മേഖല സ്വർണ്ണക്കടകളിലും സ്വർണ്ണക്കടത്തുകളിലും ആണ്. ബുള്ളിയൻ കച്ചവടമെന്ന പേരിൽ കേരളത്തിലെ കുറെയധികം ചെറുപ്പക്കാർ ദുബായിലെ ഗോൾഡ്‌സൂക്ക് ആസ്ഥാനമാക്കി സ്വർണ്ണത്തിൽ നിക്ഷേപം സ്വീകരിക്കുമ്പോൾ അതിൽ പകുതിമുക്കാൽ ആളുകളും പണം നഷ്ടപ്പെട്ടുകൊണ്ട് കേസ് കൊടുക്കാൻ ആകാതെ ആരോടും പറയുവാൻ ആകാതെ ചക്രശ്വാസം മുട്ടി ജീവിക്കുകയാണ്. 
ഇങ്ങനെ പണമിറക്കുന്ന ഒട്ടുമിക്കവരും പിശുക്കരിൽ പിശുക്കരും, അതിനപ്പുറം ലുബ്ധരും, അറുത്ത കയ്യിൽ ഉപ്പു തേക്കാത്തവരും കണ്ടറിഞ്ഞു ഒരു മനുഷ്യനെ സഹായിക്കാത്തവരും ആയതിനാൽ ദൈവം അവർക്കുള്ള ശിക്ഷ നൂറു മുസ്ല്യാരിലൂടെയും ശബരീനാഥിലൂടെയും അനന്തു കൃഷ്ണനിലൂടെയും പ്രതാപനിലൂടെയും ശാന്തിമഠത്തിലൂടെയുമൊക്കെ നൽകുന്നതാണ് എന്ന് കരുതി ആശ്വസിക്കാം.
എഴുതുവാനിരുന്നാൽ എഴുതിക്കൊണ്ടേയിരിക്കും. മലയാളി അമിത ലാഭംനോക്കി പണം നിക്ഷേപിച്ചുകൊണ്ടുമിരിക്കും ..
ഇനിയും പണം നിക്ഷേപിക്കുവാൻ തയാറായിക്കൊണ്ട് പെൻഷൻ പണം വാങ്ങിക്കൊണ്ട് ദാസനും പോയത് ഓർത്തു ദുഃഖിച്ചുകൊണ്ട് ദുബായിലെ വിജയനും.

By admin

Leave a Reply

Your email address will not be published. Required fields are marked *