തിരുവാര്‍പ്പ്: കിളിരൂര്‍ കുന്നുംപുറം ദേവീക്ഷേത്ര മൈതാനിയില്‍ മദ്യപന്മാരുടെ വിളയാട്ടമെന്ന് പരാതി. പകലും രാത്രിയും ഭേദമില്ലാതെ വാഹനങ്ങളില്‍ എത്തുന്ന യുവാക്കള്‍ അടങ്ങുന്ന സംഘങ്ങളാണു ക്ഷേത്ര മൈതാനത്തെ ലഹരി ഉപയോഗ കേന്ദ്രമാക്കി മാറ്റുന്നത്.
വഴിവിളക്കുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയിലാണ് ഈ പ്രദേശത്ത് രാത്രിയില്‍ വെളിച്ചമില്ല എന്നതും പോലീസ് പട്രോളിങ് ഇല്ലാത്തതും ഇത്തരക്കാരെ ഇവിടേക്ക് എത്തുവാന്‍ പ്രേരിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
മൈതാനം കൂടാതെ വാട്ടര്‍ ടാങ്കിനു സമീപവും യുവതി യുവാക്കള്‍ രാത്രികാലങ്ങങ്ങളിൽ എത്തിച്ചേരുന്നുണ്ട്.
സംഭവത്തില്‍ കിളിരൂര്‍ കുന്നു ദേവി ക്ഷേത്ര ഉപദേശക സമിതി കുമരകം പോലീസില്‍ പരാതി നല്‍കി. വഴി വിളക്കുകള്‍ തെളിയിച്ചും പോലീസ് പെട്രോളിങ് കര്‍ശനമാക്കിയും ഈ പ്രദേശത്തെ ലഹരി മാഫിയയുടെ കയ്യില്‍ നിന്നും വിമുക്തം ആക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കിയത്.