നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അതീവസുരക്ഷയുള്ള വിമാനത്തിലോ ഇത് നടന്നത്, എങ്ങനെ? അമ്പരപ്പോടെ നെറ്റിസൺസ്
കനത്ത സുരക്ഷാ പരിശോധന കഴിഞ്ഞ ശേഷമാണ് നാം ഓരോരുത്തരും വിമാനത്തിലേക്ക് കയറുന്നത്. നമ്മുടെ കയ്യിലുള്ള ഓരോന്നും പരിശോധിച്ച ശേഷമേ വിമാനത്തിനകത്തേക്ക് പ്രവേശനം സാധ്യമാവൂ. അങ്ങനെയൊരു സാഹചര്യമായിട്ടും ഒരു വിമാനത്തിൽ നിന്നും പ്രചരിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ അമ്പരപ്പ് സൃഷ്ടിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നത് പ്രകാരം വിമാനത്തിൽ തോക്കുമായി കയറിയ ഒരു യാത്രക്കാരൻ തന്റെ സഹയാത്രികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ.
മധ്യ അമേരിക്കയിലെ ഹോണ്ടുറാസിലെ ടെഗുസിഗാൽപയിലുള്ള ടൺകോണ്ടിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് ഈ അവിശ്വസനീയമായ രംഗം അരങ്ങേറിയത്. വധഭീഷണിയെ തുടർന്ന് യാത്രക്കാരെല്ലാം പകച്ചുപോയി. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണത്രെ ഈ സംഭവം നടന്നത്. എന്നാൽ, ഫ്ലൈറ്റ് അറ്റൻഡന്റ്സ് തക്കസമയത്ത് പകച്ചുനിൽക്കാതെ വേണ്ടവിധം പ്രവർത്തിച്ചതിനാൽ ഒരു വലിയ അപകടം ഒഴിവായി എന്നും റിപ്പോർട്ടുകൾ പറയുന്നു.
അവർ എത്രയും പെട്ടെന്ന് തോക്കുമായി എത്തിയയാളെ കീഴടക്കി. പൈലറ്റ് അപ്പോൾ തന്നെ വിമാനം വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു. റൊട്ടാനിലേക്കുള്ളതായിരുന്നു വിമാനം. ടൺകോണ്ടിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനം വിമാനത്താവളത്തിൽ എത്തിയ ഉടനെ തന്നെ നാഷണൽ പൊലീസ് ഓഫീസർമാർ വിമാനത്തിലേക്ക് എത്തി. അപ്പോൾ തന്നെ തോക്കുമായി എത്തിയയാളെ കസ്റ്റഡിയിൽ എടുത്തു. ഈ സംഭവ വികാസങ്ങളൊക്കെ കണ്ട് ആകെ ഭയന്നും പകച്ചും നിന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നാലെ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
Passengers on a flight from Tegucigalpa Toncontin International Airport, (TGU), Honduras to Roatan International Airport, (RTB), Honduras experienced moments of anguish when a man pulled out a firearm and threatened to kill them.
The situation caused panic on board and forced… pic.twitter.com/eH1faOhtfF
— FL360aero (@fl360aero) February 6, 2025
എന്നാൽ, ഇയാൾക്ക് എങ്ങനെയാണ് തോക്കുമായി വിമാനത്തിലേക്ക് കയറാൻ സാധിച്ചത് എന്നോ എന്തിനാണ് അയാൾ അത് ചെയ്തത് എന്നതിനെ കുറിച്ചോ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. സിഎം എയർലൈൻസോ ടാഗ് എയർലൈൻസോ ഈ സുരക്ഷാ വീഴ്ചയെ പറ്റി എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുമില്ല.
അതേസയമം, വീഡിയോ അധികം വൈകാതെ പ്രചരിച്ചു. അതിൽ തോക്കുമായി എത്തിയയാളെ ഉദ്യോഗസ്ഥർ വിമാനത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം.