തിരുവനന്തപുരം: ഭാവികേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് വമ്പൻ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് പണം എവിടെ നിന്ന് എന്ന ചോദ്യത്തിന് ഉത്തരമില്ല.
ആറ്  പദ്ധതികളിലൂടെ 1895 കോടി വികസനമെന്നതാണ് ബജറ്റിലുള്ളത്. ഈ പണം എവിടെ നിന്ന് എന്നതിനാണ് ഉത്തരം വേണ്ടത്. സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളാണ് ഇവയെല്ലാം.

ഈ മാസം അവസാനം കൊച്ചിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ കേരള വികസനത്തിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് സ്വകാര്യ പങ്കാളിത്തം തേടും. സ്വകാര്യ സംരംഭകർക്ക് തദ്ദേശ സ്ഥാപനങ്ങളുടെയടക്കം കൈയിലുള്ള ഭൂമി യഥേഷ്ടം നൽകാമെന്ന നയം മാറ്റവും സ്വകാര്യ നിക്ഷേപങ്ങളും സംരംഭങ്ങളും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്

1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും 26,968 കോടി രൂപയുടെ മൂലധന ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ റവന്യൂ കമ്മി 27,125 കോടി രൂപയും ധനക്കമ്മി 45,039 കോടിയുമാണ്.
തനത് നികുതി വരുമാനത്തിൽ 9888 കോടി രൂപയും നികുതിയേതര വരുമാനത്തിൽ 1240 കോടി രൂപയും ഉൾപ്പെടെ മുൻവർഷത്തെക്കാൾ 19422 കോടി രൂപയുടെ വരുമാനവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ശമ്പള, പെൻഷൻ ചെലവുകൾക്കടക്കം എല്ലാ മാസവും കടമെടുക്കേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിലാണ് വികസനത്തിന് കിഫ്ബി വഴിയുള്ള വായ്പകളും സ്വകാര്യ നിക്ഷപവും തേടുന്നത്.
വിഴിഞ്ഞം കൊല്ലം, പുനലൂർ വികസന ത്രികോണം, വെസ്റ്റ് കോസ്റ്റ് കനാൽമേഖലയിലെ സാമ്പത്തിക വികസനം, തിരുവനന്തപുരം ഔട്ടർ ഏരിയ വളർച്ചാ ഇടനാഴി, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, ഐ.ടി.പാർക്കുകളും ഐ.ടി.ഇടനാഴികളും തുടങ്ങിയവയാണ് ബജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾ.
ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ് തുറമുഖങ്ങളായ സിംഗപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തേയും ഒരു വികസനകേന്ദ്രമാക്കി മാറ്റുന്നതാണ് വിഴിഞ്ഞം കൊല്ലം വികസന ത്രികോണം.

പൊതു സ്വകാര്യ എസ്.പി.വി.മാതൃകയിൽ നടത്തുന്ന പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ പ്രതിസന്ധിയില്ലെന്നത് സവിശേഷതയാണ്. സ്ഥലമുടമകളെ പങ്കാളിയാക്കികൊണ്ടുള്ള വികസന മാതൃകയാണിത്. ഇതിന് കിഫ്ബി വിഹിതത്തിന് പുറമെയുള്ള കോടാനുകോടികൾക്കായി ധനമന്ത്രി പ്രതീക്ഷിക്കുന്നതും സ്വകാര്യ നിക്ഷേപം തന്നെ

1800കിലോമീറ്റർ വരുന്ന വെസ്റ്റ് കോസ്റ്റ് കനാലിൽചരക്ക് നീക്കത്തിന് ഹബ്ബുകളും വികസന കേന്ദ്രങ്ങളും നിർമ്മിക്കുന്നതാണ് മറ്റൊരുപദ്ധതി.

ഇതിനായി 50 0കോടിയാണ് വകയിരുത്തിയത്. തീരദേശ ഹൈവേയോട് ചേർന്നുള്ള ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുത്ത് സ്വകാര്യ നിക്ഷേപത്തോടെ ബീച്ച് പ്രോമെനേഡുകൾ, സൈക്ളിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, നടപ്പാതകൾ, ഇ.വി.ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീഫ്യൂവലിംഗ് സ്റ്റേഷനുകൾ എന്നിവ തുടങ്ങുന്നതാണ് പദ്ധതി.
63 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം തുറമുഖത്തെ നാവായികുളവുമായി ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡിന്റെ ഇരുവശങ്ങളിലും 2.5കിലോമീറ്റർ പരിധിയിൽ ഔട്ടർ റിംഗ് റോഡ് ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതിയാണ് വേറൊരു വികസന നിർദ്ദേശം.  
വിഴിഞ്ഞം തുറമുഖം ലക്ഷ്യമാക്കിയാണ് ഇനിയുള്ള സംസ്ഥാനത്തിന്റെ വളർച്ച എന്നതിന്റെ സൂചനയാണ് ബജറ്റ് നൽകുന്നത്. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി, ഇറക്കുമതി (എക്സിം) തുറമുഖമാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം.

വിഴിഞ്ഞം തുറമുഖത്ത് വമ്പൻ വാണിജ്യ വികസന സാദ്ധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് തിരുവനന്തപുരത്ത് വാണിജ്യ, വ്യാപാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ, ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രങ്ങൾക്കായി സ്ഥലം അനുവദിക്കും

ഇതിനായി നൂറ് ഏക്കർ ഭൂമിയേറ്റെടുക്കും. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർക്ക് ഇവിടെ നിക്ഷേപത്തിന് അവസരം എളുപ്പമാവും. വിഴിഞ്ഞത്തു നിന്നുള്ള കണ്ടെയ്നർ നീക്കം സുഗമമാക്കാൻ ദേശീയ, സംസ്ഥാന പാതകൾ വികസിപ്പിക്കും. തുറമുഖം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയെ ശക്തിപ്പെടുത്തി പുതിയ സാമ്പത്തിക മേഖല സൃഷ്ടിക്കും.
മാരിടൈം, ലോജിസ്റ്റിക് അടിസ്ഥാനസൗകര്യങ്ങൾക്കുള്ള പദ്ധതിയിൽ ആഗോള വ്യവസായ പ്രമുഖരിൽ നിന്ന് ആവേശകരമായ പ്രതികരണമാണുള്ളതെന്നും ബഡ്ജറ്റിലുണ്ട്. വിഴിഞ്ഞം വികസന മേഖലയിൽ കൺവെൻഷൻ-കം എക്സിബിഷൻ സെന്ററിന് 20കോടി അനുവദിച്ചിട്ടുണ്ട്. ഇതും നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *