തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന ഘടകത്തിൽ പിളർപ്പിന് നീക്കം. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ പക്ഷമാണ് പാർട്ടി പിളർത്താൻ നീക്കം തുടങ്ങിയത്.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പാർട്ടി ജനറൽബോഡി വിളിക്കണമെന്ന് ശശീന്ദ്രൻ പക്ഷം പി.സി.ചാക്കോയോട് ആവശ്യപ്പെട്ടു. ജനറൽ ബോഡി വിളിച്ച് ചേർക്കാൻ ചാക്കോ തയാറാകുന്നില്ലെങ്കിൽ ദേശിയ അധ്യക്ഷൻ ശരത് പവാറിനെ സമീപിക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം.
തങ്ങളെ പാർട്ടിയുടെ ഔദ്യോഗിക വിഭാഗമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിന് കത്ത് നൽകാനും ശശീന്ദ്രൻപക്ഷം തീരുമാനിച്ചു.
പാർട്ടിയിൽ പിളർപ്പ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ സമവായ നീക്കവുമായി പി.സി.ചാക്കോ പക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്. പിളർപ്പിലേക്ക് നീങ്ങിയാൽ ശശീന്ദ്രൻ പക്ഷത്തിനൊപ്പമാകും ഭൂരിപക്ഷവും എന്ന് തിരിച്ചറിഞ്ഞാണ് ചാക്കോ വിഭാഗം അനുനയത്തിന് സന്നദ്ധമായത്.
സമവായത്തിന് സന്നദ്ധമാണെന്ന് അറിയിച്ച് ചാക്കോ പക്ഷ നേതാക്കൾ മന്ത്രി എ.കെ.ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറിയെന്നും ഇനി ആവശ്യം ഉന്നയിക്കില്ലെന്നും ഉറപ്പ് നൽകികൊണ്ടാണ് ചാക്കോ പക്ഷത്തെ നേതാക്കളായ പി.എം.സുരേഷ് ബാബുവും ലതികാ സുഭാഷും കെ.ആർ.രാജനും ഔദ്യോഗിക വസതിയിലെത്തിയ ശശിന്ദ്രനെ കണ്ടത്.
മുന്നണി മാറ്റ ചർച്ചകൾ അവാസ്തവമാണെന്ന് അറിയിച്ച് കൊണ്ട് പി.സി.ചാക്കോ മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.
സി.പി.എമ്മിന്റെ പിന്തുണ ശശീന്ദ്രൻ പക്ഷത്തിനാണെന്ന തിരിച്ചറിവിലാണ് ഈ നീക്കം. ഇടത് മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും മാറ്റത്തെക്കുറിച്ച് എവിടെയും ഒരു ചർച്ചയും നടന്നിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും പി.സി.ചാക്കോ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു.
ഇടത് മുന്നണിക്കും സർക്കാരിനും പൂർണ പിന്തുണ നൽകി ഉറച്ച് നിൽക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് പി.സി.ചാക്കോ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടുളള മന്ത്രി എ.കെ.ശശീന്ദ്രനും ഒപ്പം നിൽക്കുന്നവരും അനുനയത്തിന് തയ്യാറാകുമോയെന്നാണ് ഇനി അറിയാനുളളത്.
ചാക്കോയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശിയ അധ്യക്ഷൻ ശരത് പവാറിന് കത്ത് നൽകുന്നതിനായി ശശീന്ദ്രൻ പക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പ് ശേഖരണം തുടങ്ങിയിട്ടുണ്ട്.
മന്ത്രിമാറ്റ തർക്കം നടക്കുന്ന ഘട്ടത്തിൽ ചാക്കോ സസ്പെന്റ് ചെയ്ത ശശീന്ദ്രൻ പക്ഷ നേതാക്കളിൽ എല്ലാവരെയും ഇനിയും തിരിച്ചെടുത്തിട്ടില്ല.
ഈ സാഹചര്യത്തിൽ സമവായത്തിന് തയ്യാറാകുന്നതിനോട് ശശീന്ദ്രൻ പക്ഷത്തെ എല്ലാ നേതാക്കൾക്കും യോജിപ്പില്ല. തോമസ്.കെ.തോമസ് എം.എൽ.എ പുതിയ നീക്കത്തിൽ ശശീന്ദ്രനൊപ്പം നിൽക്കുന്നുണ്ടെങ്കിലും ചാക്കോ പക്ഷവുമായുളള ബന്ധം പൂർണമായും വിട്ടിട്ടില്ല.
ചാക്കോയെ ഒഴിവാക്കി തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ നീക്കം.
ഇന്നലെയും ഇന്നുമായാണ് എൻ.സി.പി സംസ്ഥാന ഘടകത്തിൽ പിളർപ്പ് നീക്കം ശക്തിപ്പെട്ടത്. ഇന്നലെ രാത്രി മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എ.കെ.ശശീന്ദ്രൻ അനുകൂലിക്കുന്ന നേതാക്കൾ യോഗം ചേർന്നിരുന്നു.
ജില്ലാ-സംസ്ഥാന ഭാരവാഹികൾ അടക്കം പതിനഞ്ചോളം പേർ യോഗത്തിൽ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രന്റെ വീട്ടിലെ യോഗത്തിൽ തോമസ്.കെ.തോമസും പങ്കെടുത്തു. പി.സി ചാക്കോയുമായി ഇനി യോജിച്ച് പോകാനില്ലെന്ന് എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിച്ചു.
അതിന്റെ ഭാഗമായാണ് ജനറൽ ബോഡി വിളിക്കാൻ പി.സി. ചാക്കോയോട് ആവശ്യപ്പെടാനും അംഗീകരിച്ചില്ലെങ്കിൽ ശരത് പവാറിന് കത്ത് നൽകാനും തീരുമാനിച്ചത്.
പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ സി.പി.എം നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചിരുന്നു. ശശീന്ദ്രൻ പക്ഷത്തെ നീക്കങ്ങൾ അറിഞ്ഞ ചാക്കോ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിൽ യോഗം ചേർന്നു.ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണ ശശീന്ദ്രന് ഒപ്പമാണെന്ന് മനസിലാക്കിയാണ് സമവായ നീക്കത്തിന് തുനിഞ്ഞത്.