തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ബിഎംഎസ്സ് സംസ്ഥാന പ്രസിഡൻ്റ് ബി. ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. 44000 ജീവനക്കാരും 6500 ബസ്സുകളും ഉണ്ടായിരുന്ന കെഎസ്ആർടിസിയിൽ ഇന്ന് 22000 ജീവനക്കാരും 3200 ബസ്സുകളുമായി കുറഞ്ഞിരിക്കുന്നു.
അതിൽ തന്നെയും 1200 ബസ്സുകൾ കാലാവധി കഴിഞ്ഞവയാണ്. പുതിയ ബസ്സുകൾ ഇറക്കാതെയും, നിയമനങ്ങൾ നടത്താതെയും ഇത്തരത്തിൽ മുന്നോട്ടു പോയാൽ കെഎസ്ആർടിസി ഇല്ലാതാകും.
പിഎസ്സിയെ നോക്കുകുത്തിയാക്കി പ്രൊമോഷൻ തസ്തികളിലുൾപ്പെടെ പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നു. കെഎസ്ആർടിസിയുടെ കുത്തക റൂട്ടുകൾ പോലും സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഇതെല്ലാം കെഎസ്ആർടിസിയുടെ നാശത്തിലേക്കുള്ള വഴിതെളക്കുകയാണെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
ശമ്പളം എല്ലാ മാസവും 1-ാം തീയതി കൃത്യമായി നൽകുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങി നൽകുക, കെഎസ്ആർടിസയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ബജറ്റിൽ പ്രഖ്യപിക്കുക, കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, സർക്കാർ തകർത്ത എൻ.പി.എസ് പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റ്യാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, പിൻവാതിൽ വഴിയുള്ള ബദലി നിയമനങ്ങൾ പിൻവലിച്ചുകൊണ്ട് പിഎസ്സ്സി വഴി നിയമനo നടത്തുക, ജീവനക്കാർക്ക് അർഹമായ പ്രമോഷൻ അനുവദിക്കുക, പ്രമോഷൻ തസ്തികകളിലേക്ക് സ്ഥിരം ജീവനക്കാരെ നിയമിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്.
കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി.ഹരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്സ്. അജയകുമാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്.വി നായർ, ട്രഷറർ ആർ.എൽ ബിജുകുമാർ, ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി ആനന്ദ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു, സംസ്ഥാന വൈസ്പ്രസിഡൻ്റ് ജി.എസ് ഗോപകല സംസ്ഥാന സെക്രട്ടറി യമുനാദേവി തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.