മികച്ച ഐഡിയ, ഭാവി മാറ്റിമറിക്കും ; ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ പുകഴ്ത്തി നെതന്യാഹു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധത്തില്‍ തകര്‍ന്ന ഗാസ ഏറ്റെടുക്കും എന്ന ട്രംപിന്‍റെ ആശയം മികച്ചതും പിന്തുടരേണ്ടതാണെന്നുമാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്. 

”യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുവേണ്ടി  ഇതാദ്യമായാണ് ഇത്രയും നല്ല ഒരു ആശയം ഞാന്‍ കേള്‍ക്കുന്നത്. ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക എന്നതാണുദ്ദേശം. അതിലെന്താണ് തെറ്റ്. അവര്‍ക്ക് ഗാസയില്‍ നിന്ന് മാറിപ്പോകാം. തിരിച്ചു വരികയും ചെയ്യാം. ഗാസ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.  ഗാസ ഏറ്റെടുക്കുക എന്ന ആശയം പ്രാവര്‍ത്തികമായാല്‍ എല്ലാവരുടേയും ഭാവിയില്‍ മാറ്റമുണ്ടാകും”  എന്ന് നെതന്യാഹു പറഞ്ഞു.

വൈറ്റ് ഹൗസില്‍ ബെഞ്ചമില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗാസ ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത്. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗാസയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർഡൻ തുടങ്ങിയ  അറബ് രാജ്യങ്ങൾ പലസ്തീനികളെ സ്വീകരിക്കണം.  

ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ്. ട്രംപിന്‍റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെഎത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചു എന്നാണ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നെതന്യാഹു പ്രതികരിച്ചത്. ട്രംപിന്‍റെ നേതൃത്വ പാഠവത്തെയും അദ്ദേഹം പ്രശംസിച്ചു.

Read More:‘പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് മാറ്റുന്ന ഒരു നടപടിയും അംഗീകരിക്കില്ല’: ട്രംപിന്‍റെ ഗാസ പദ്ധതിക്കെതിരെ സൗദി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin