ആം ആദ്മി പാർട്ടി ഒരു പ്രതീക്ഷയായിരുന്നു. ഭരണരംഗത്തെ അഴിമതി തടയുന്നതിനായി ലോക്‌പാൽ സംവി ധാനം കൊണ്ടുവരണമെന്ന ആവശ്യവുമായി ഗാന്ധിയൻ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 2011 ൽ ഡൽഹിയിലെ ജന്തർ മന്ദറിൽ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഉൽപ്പന്നമാണ് AAP അഥവാ ആം ആദ്മി പാർട്ടി. സർക്കാരിനെ മുട്ടുകുത്തിച്ച ആ സമരം വലിയ വിജയമായി മാറി.
പിന്നീട് ഇതിൽ നിന്നും കിരൺ ബേദി, വി കെ സിംഗ് തുടങ്ങിയവർ ബിജെപി യിലേക്കു ചേക്കേറിയപ്പോൾ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ മുതലായവർ ആം ആദ്മി പാർട്ടി എന്ന ഒരു രാഷ്ട്രീയ പ്രസ്ഥാന ത്തിന് രൂപം നൽകി.
സൗജന്യ വൈദ്യുതി, കുടിവെള്ളം, വനിതകൾക്ക് ബസ്സുകളിൽ സൗജന്യയാത്ര,മൊഹല്ല ക്ലിനിക്കുകൾ ഇങ്ങനെ കുറെ ആകർഷകമായ ഓഫറുകളുമായി അവർ ജനങ്ങളെ സമീപിച്ചു. ഇത്തരം ഓഫറുകൾ നമ്മുടെ നാട്ടിൽ ആദ്യമായിരുന്നു.
വൻ വിജയമാണ് ഡൽഹിയിൽ രണ്ടുതവണയും അവർ നേടിയത്. എഎപി ജനങ്ങൾക്കുനൽകിയ ഓഫറുകൾ നടപ്പാകില്ല എന്ന് കരുതിയവർക്കുമുന്നിൽ അത് വിജയകരമായി നടപ്പാക്കിക്കാണിച്ചു. സർക്കാർ വിഭാഗങ്ങളിലെ അഴിമതിയും കരാറുകളിലെ ഇടനിലക്കാരെയും അവർ ഒരുപരിധിവരെ ഇല്ലാതാക്കി.തന്മൂലം സാമ്പത്തികമായ ഞെരുക്കം സർക്കാരിനുണ്ടായില്ല.
ഇന്നിപ്പോൾ കോൺഗ്രസ്, ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുടെ ചുവടുപിടിച്ച് ജനങ്ങൾക്ക് വെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള സൗജന്യങ്ങൾ വ്യാപകമായി തങ്ങളുടെ പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആം ആദ്മി പാർട്ടി പ്രവർത്തനഫണ്ട് സ്വരൂപിച്ചിരുന്നത് ജനങ്ങളിൽനിന്നും പിരിവെടുത്തും ചെറിയ ഡിന്നർ പാർട്ടികൾ നടത്തിയുമൊക്കെയാണ്. എന്നാൽ ആ തുക അവരുടെ പ്രവർത്തനങ്ങൾക്ക് ഒട്ടും പര്യാപ്തമായിരുന്നില്ല. പാർട്ടി ഡൽഹിക്കു പുറത്തേക്ക് വ്യാപിച്ചതോടെ പ്രവർത്തന ഫണ്ടിന്റെ ആവശ്യം അവരെ അലട്ടാൻ തുടങ്ങിയെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും അതിലെ നേതാക്കളും അഴിമതിക്കാരാണെന്ന് അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി പലവേദികളിലും പറഞ്ഞുനടന്നിരുന്നു..ഇതവർ പല സദസ്സുകളിലും ചർച്ചകളിലും ആവർത്തിക്കുകയും ചെയ്തതാണ്.
തങ്ങൾ ഭാരത്തിലേറിയാൽ ഭരണ – രാഷ്ട്രീയ തലത്തിൽ അഴിമതിയും കമ്മീഷനുകളും തങ്ങൾ ഇല്ലാതാക്കുമെന്നും അവകാശപ്പെട്ടിരുന്നു. കളങ്കിതരായ വ്യക്തികളോട് വരെ പാർട്ടിക്കായി ഫണ്ട് വാങ്ങുന്ന രാഷ്ട്രീയക്കർക്കിടയിൽ തങ്ങൾ വെത്യസ്ഥരാണെന്നും പാർട്ടി ഫണ്ടിലേക്ക് ലഭിക്കുന്ന തുക അപ്പപ്പോൾ വെബ്‌സൈറ്റിൽ പരസ്യം ചെയ്യുമെന്നും അവർ ജനങ്ങൾക്ക് ഉറപ്പുനൽകി. പല പാർട്ടികളും തങ്ങൾക്കു ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സ് വെളിപ്പെടുത്താറില്ല..
ഇവിടെ അവർക്ക് അടിതെറ്റിയെന്നു സംശയിക്കാം. എല്ലാവരും അഴിമതിക്കാരാണെന്ന് പരസ്യമായി പ്രഖ്യാ പിച്ച ആം ആദ്മി പാർട്ടി കുറേക്കൂടി കരുതലോടെയിരിക്കണമായിരുന്നു. കാരണം എതിരാളികൾ കൃത്യമായ കണക്കുകൂട്ടലുകളോടെ അനുദിനം അവരെ അടിമുടി നിരീക്ഷിച്ചിരുന്നു എന്നത് വ്യക്തം..
ഡൽഹിയിലും പഞ്ചാബിലും ഗോവയിലുമൊക്കെ തെരഞ്ഞെടുപ്പ് ഫണ്ട് എഎപിക്ക് ഒരു കീറാമുട്ടിയായി മാറിയിരുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോസ്റ്ററുകളും, ബാനറുകളും വാഹനങ്ങളും മറ്റു ചിലവുകളും പാർട്ടികളാണ് വഹിക്കേണ്ടിവരുന്നത്.
2021 നവംബർ 17 ന് ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആം ആദ്മി പാർട്ടി സർക്കാർ രൂപം നൽകുന്നു.. ഇതു മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. 60 % സർക്കാർ അധീനതയിലും 40 % സ്വാകര്യമേഖലയിലുമായിരുന്ന ഡൽഹിയിലെ മദ്യ ശാലകൾ മുഴുവനും അവർ സ്വകാര്യവൽക്കരിച്ചു.
മൂന്നുതരത്തിലുള്ള ആരോപണങ്ങളാണ് ഇതേത്തുടർന്ന് ആം ആദ്മി പാർട്ടി നേരിടേണ്ടിവന്നത്..
1. മദ്യലൈസൻസിനുള്ള ഫീസ് 25 ലക്ഷം രൂപയിൽ നിന്നും 5 കോടി രൂപയാക്കി. ഇതുമൂലം ചെറിയ – ഇടത്ത രം വ്യാപാരികൾ ഈ രംഗത്തുനിന്നും പുറത്തായി.വമ്പന്മാർ കടന്നുവന്നു. ഇതിൽ ആം ആദ്മി പാർട്ടി നേതാ ക്കൾക്ക് കുത്തകകളിൽ നിന്നും വലിയ തുക കമ്മീഷൻ ലഭിച്ചു എന്നാണ് ബിജെപി ആരോപണമുന്ന യിച്ചത്.
2 .മുൻപ് 750 എംഎല്‍ ഉള്ള ഒരു കുപ്പി മദ്യത്തിന് 530 രൂപയ്ക്കാണ് ലഭിച്ചിരുന്നത്.അതിൽ വ്യാപാരിക്ക് 33.35 രൂപ കമ്മീഷൻ ലഭിച്ചിരുന്നു.223.89 രൂപ എക്സൈസ് ഡ്യൂട്ടിയും 106 രൂപ വാറ്റും ഉൾപ്പെടെ സർക്കാരിന് ഒരു കുപ്പിയിൽ നിന്ന് 329.89 രൂപയുടെ വലിയ വരുമാനം ലഭിച്ചിരുന്നു.
3. ആം ആദ്മി പാർട്ടിയുടെ പുതിയ മദ്യനയത്തിൽ ഈ മദ്യത്തിന് 530 രൂപയിൽ നിന്ന് 560 ആയി ഉയർത്തി. റീട്ടെയിൽ വിൽപ്പനയിലൂടെ വ്യാപാരിയുടെ ലാഭം 33.35 ന്റെ സ്ഥാനത്ത് 10 ഇരട്ടി വർദ്ധിച്ച് 363.27 രൂപ യായി.സർക്കാരിന്റെ ലാഭം 329.89 രൂപയുടെ സ്ഥാനത്ത് 1 രൂപ 88 പൈസ എക്സൈസ് ഡ്യൂട്ടിയും 1.90 രൂപ വാറ്റും ഉൾപ്പെടെ കേവലം 3രൂപ 78 പൈസയായി ചുരുങ്ങി.
ഈ മദ്യനയം വിവാദമായതിനെത്തുടർന്ന് ചീഫ് സെക്രട്ടറി ഒരു റിപ്പോർട്ട് തയ്യാറാക്കി ഡൽഹിയിലെ ലഫ്റ്റ നന്റ് ഗവർണ്ണർക്ക് സമർപ്പിച്ചു.ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്റ്റനന്റ് ഗവർണർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു..
ഇതിൽ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന ആരോപണത്തെത്തുടർന്ന് ഇഡിയും രംഗത്തെത്തി. ഇതേത്തുടർന്ന് 28 ജൂലൈ 2022 ന് പുതിയ മദ്യനയം എഎപി സർക്കാർ റദ്ദാക്കി.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതികേസിൽ ഇതുവരെ സഞ്ജയ് സിംഗ്, മനീഷ് സിസോദിയ, വിജയ് നായർ, അമിത് അറോറ, ദിനേശ് അറോറ, സമീർ മഹേന്ദ്രൂ, അരുൺ രാമചന്ദ്രൻ, രാജേഷ് ജോഷി, ഗോരന്തല ബുച്ചിബാബു, ഫ്രാൻസ് ലിക്വർ കമ്പനിയായ പർനോഡ് റിക്കാർഡിന്റെ ജനറൽ മാനേജർ ബിനോയ് ബാബു, സാരത് ചന്ദ്ര റെഡ്ഢി, അരബിന്ദോ ഫാമിന്റെ ഡയറക്ടർ അമൻദീപ് താൽ, ബിസിനസ്സുകാരൻ അഭിഷേക് ബോയിനപ്പള്ളി ഉൾപ്പെടെ 15 പേരെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലർ മാപ്പുസാക്ഷികളായി മാറിയതാണ് കേസ് ഇത്ര ശക്തമാകാൻ കാരണം..
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ഫെബ്രുവരിമുതൽ ജയിലിലാണ്. സുപ്രീം കോടതി രണ്ടുദിവസം മുൻപാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് 80 ലധികം ആളുകളെ ചോദ്യം ചെയ്തിട്ടുണ്ട്.അതിൽ അരവിന്ദ് കെജ്‌രിവാളും തെലു ങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകൾ കെ കവിതയും ഉൾപ്പെടുന്നു.
സിബിഐ യും ഇഡിയും വെവ്വേറെ അന്വേഷണങ്ങളാണ് നടത്തുന്നത്. മദ്യനയത്തിൽ നടന്നുവെന്ന് പറയപ്പെടുന്ന എല്ലാ അഴിമതിയും ഇടപാടും കള്ളപ്പണം വെളുപ്പിക്കലും ഇഡി അന്വേഷിക്കുമ്പോൾ പുതിയ മദ്യനയം നിർമ്മിച്ചതിലെ നിയമവിരുദ്ധതയാണ് സിബിഐ അന്വേഷിക്കുന്നത്.
മദ്യവിതരണത്തിന് ഡൽഹിയിലെ എയർപോർട്ട് സോൺ കെഎല്‍ 1 ഏരിയക്കായി ബിഡ് നിറച്ച വ്യവസായിക്ക് എയർ പോർട്ട് അതോറിറ്റിയുടെ എന്‍ഒസി ഇല്ലാതിരുന്നതിനാൽ ബിഡ് റിജെക്ട് ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹം സമർപ്പിച്ച 30 കോടിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കിനൽകാൻ മനീഷ് സിസോദിയ ഉത്തരവിട്ടു വെ ന്നാണ് ആരോപണം. റിജെക്ട് ആകുന്ന ബിഡിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് സർക്കാർ ഖജനാവി ലേക്കാ യിരുന്നു പോകേണ്ടിയിരുന്നതത്രേ.
മദ്യനയത്തിൽ ഇനിയും ചോദ്യംചെയ്യലുകളും അറസ്റ്റുകളും ഉണ്ടാകാം.വർഷങ്ങളോളം കേസ് നടന്നേ ക്കാം.അപ്പോഴെല്ലാം ഇതൊക്കെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തുടർച്ചയായി മുഴങ്ങുകയും ചെയ്യും. നാമിതെല്ലാം സ്ഥിരമായി കാണുന്നതാണ്.
അഴിമതിക്കെതിരേ അനവരതം പോരാടിയ ആം ആദ്മി പാർട്ടി എങ്ങനെ അഴിമതിക്കേസിൽ പെട്ടു ? എഎപി ക്യാബിനറ്റ് മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിൻ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഒരു വർഷത്തി ലേറെയായി ജയിലിലായിരുന്നു. മന്ത്രിസ്ഥാനവും രാജിവച്ചു.ഇപ്പോൾ അദ്ദേഹം താൽക്കാലിക ജാമ്യത്തിൽ പുറത്താണുള്ളത്.
ഡൽഹിയിലെ മദ്യനയത്തിൽ അഴിമതി നടന്നുവോ ? അഴിമതി നടന്നെങ്കിൽ അത് ചെയ്തവർ ശിക്ഷിക്കപ്പെടുമോ ?
സാദ്ധ്യത കുറവാണ്. കാരണം മാപ്പുസാക്ഷികൾ പുറത്തിറങ്ങി നിലപാട് മറ്റും. കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡിയുടെ കേസ് കോടതിയിൽ തെളിയിക്കുക ദുഷ്കരമാണ്. അത് സംഭവനയായോ പ്രവർത്തനഫണ്ടായോ മാറപ്പെടാം..അതൊക്കെയാണ് കണ്ടുവരുന്നത്…
അഴിമതിക്കെതിരേ അതിശക്തമായ നിലാപാടുകളുമായി ജനമനസ്സുകൾ കീഴടക്കി ചുരുങ്ങിയ കാലം കൊണ്ട് രണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടിയുടെ ഉന്നതനേതാക്കൾ പലരും അഴിമതിക്കേസിൽ ജയിലിലാകുന്ന കാഴ്ച അവിശ്വസനീയം തന്നെയാണ്..