കാഞ്ഞിരപ്പള്ളി: കാട്ടുമൃഗങ്ങള്‍ മുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ വരെ കര്‍ഷകരുടെ ജീവിതം ദുരിതമാക്കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യത്തിനു വില കിട്ടാതെ വരുകയും പലപ്പോഴും കൃഷി നശിച്ചു പോകുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. 
കടം വാങ്ങിയും ഭാര്യയുടെയും മക്കളുടെയും സ്വര്‍ണം പണയം വെച്ചുമൊക്കയാണ് കർഷകർ കൃഷിയിറക്കുക. പക്ഷേ, കൃഷിയില്‍ നഷ്ടം നേരിടുന്ന കര്‍ഷകര്‍ പിന്നീട് മനോവിഷത്തില്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കര്‍ഷകഷര്‍ക്ക് താങ്ങാകാന്‍ ഇന്‍ഫാം മുന്നോട്ടു വരുന്നത്.

കൃഷി നശിച്ചു ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് അറിയാത്ത കര്‍ഷകര്‍ക്ക് ഇന്‍ഫാം തണല്‍ ഒരുക്കും.

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്കു കരുതലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിങ് സെന്റുകള്‍ ആരംഭിക്കാനാണ് ഇന്‍ഫാമിന്റെ തീരുമാനം.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഇതു സംബന്ധിച്ച നിര്‍ണായ പ്രഖ്യാപനം നടത്തി. ബൃഹത്തായ പദ്ധതിയാണ് ഇന്‍ഫാം ആവിഷ്‌കരിക്കുന്നത്.
പ്രതികൂല കാലാവസ്ഥയും കാട്ടുമൃഗങ്ങളും പ്രകൃതിക്ഷോഭങ്ങളുംമൂലം കര്‍ഷകരുടെ ജീവതത്തിലുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നതിനും സങ്കടകരമായ ജീവിതസാഹചര്യങ്ങളെ തരണം ചെയ്യുന്നതിനും കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫാം കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. 

പരിചയ സമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക. 
കര്‍ഷകര്‍ക്കു നഷ്ടം സംഭവിക്കാത്ത തരത്തില്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്ന നിരവധി സഹായ പദ്ധതികള്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. 

കാര്‍ഷിക വിളകള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുന്നതു മുതല്‍ കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിച്ച് അതിന്റെ ലാഭം കര്‍ഷകര്‍ക്കു എത്തിക്കുന്ന പദ്ധതികളും ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, കൗണ്‍സിലിംഗ് കോഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. ജസ്റ്റിന്‍ മതിയത്ത്, നാഷണല്‍ ഭാരവാഹികളായ ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു, ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ജില്ലാ സെക്രട്ടറി തോമസ് വാരണത്ത്, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, ട്രഷറര്‍ അലക്‌സാണ്ടര്‍ പി.എം. എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *