തിരുവനന്തപുരം: നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷന്‍, സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍, ആര്‍മി, കോസ്റ്റ് ഗാര്‍ഡ് , മറ്റു സന്നദ്ധ സംഘടനകള്‍ ,കേരള സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കാന്‍സര്‍ അവബോധപരിപാടികള്‍ക്കും കാന്‍സര്‍ രോഗ നിര്‍ണയ മെഗാ ക്യാമ്പുകള്‍ക്കും തുടക്കമാകുന്നു.
കാന്‍സര്‍ അവബോധം സൃഷ്ടിക്കുകയും ഒപ്പം നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയുമാണ് കാന്‍സര്‍ സേഫ് കേരള എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ വിവിധ സംഘടനകള്‍ കേരള സര്‍ക്കാരുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പാറശ്ശാല മുതല്‍ തിരുവനന്തപുരം നഗരം വരെയുള്ള പ്രദേശങ്ങളിലാണ് നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പുകളും നടക്കുന്നത്.
പ്രമുഖ ഓങ്കോളജിസ്റ്റുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ കണ്‍സള്‍ട്ടേഷന്‍, അള്‍ട്രാസൗണ്ട് പരിശോധന, ഐ ബ്രെസ്റ്റ് സ്‌ക്രീനിംഗ്, പുരുഷന്മാരിലെ പ്രോസ്സ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണയ ടെസ്റ്റായ പ്രൊസ്റ്റേറ്റ് സ്‌പെസിമന്‍ ആന്റിജന്‍ ടെസ്റ്റ്, സ്ത്രീകളിലെ ഒവേറിയന്‍ കാന്‍സര്‍ മാര്‍ക്കര്‍ പരിശോധന ( സിഎ125) തുടങ്ങി 6000 രൂപയുടെ പരിശോധനകളാണ് ക്യാമ്പിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. അതോടൊപ്പം തുടര്‍ ചികിത്സകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കാന്‍സര്‍ സേഫ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് .
പ്രസ്തുത പദ്ധതിയുടെ ആദ്യ മെഗാ ക്യാമ്പ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റല്‍സില്‍ ഫെബ്രുവരി പതിനഞ്ചാം തീയതി നടക്കുന്നു.
2025 മാര്‍ച്ച് 31നകം പത്തോളം മെഗാ ക്യാമ്പുകളാണ് നെടുമങ്ങാട്, അമ്പൂരി, വിഴിഞ്ഞം, വട്ടിയൂര്‍ക്കാവ്, പൂവാര്‍, വെള്ളറട, കാട്ടാക്കട, പാറശ്ശാല, കോവളം, തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നത്.
ബോധവല്‍ക്കരണത്തിലൂടെയും രോഗനിര്‍ണയത്തിലൂടെയും പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ തേടുകയും, ജീവിതശൈലിയില്‍ മാറ്റം വരുത്തി അപകട സാധ്യത ഘടകങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി അവയെ ഒഴിവാക്കി കാന്‍സര്‍ എന്ന മഹാവിപത്തിനെതിരായുള്ള പ്രവര്‍ത്തനം ശക്തമാക്കുക എന്നതാണ് നിംസ് മെഡിസിറ്റി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.