കളക്ഷൻ, ബജറ്റിന്‍റെ പകുതിയിൽ താഴെ; ഒടിടിയിൽ അഭിപ്രായം മാറുമോ? ​’ഗെയിം ചേഞ്ചർ’ സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമ ചില മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ടൈറ്റില്‍ കാര്‍ഡുകളിലെ വലിയ പേരുകള്‍ കൊണ്ട് ചിത്രത്തിന് ആളെത്തുന്ന കാലം കഴിഞ്ഞു എന്നതിന്‍റെ സൂചനയാണ് തുടര്‍ച്ചയായി വന്നുകൊണ്ടേ ഇരിക്കുന്നത്. അതേസമയം പുതുമയുള്ള ഉള്ളടക്കവുമായി എത്തുന്ന ചിത്രങ്ങള്‍, വലിയ താരനിര ഇല്ലെങ്കില്‍പ്പോലും കാര്യമായി കളക്റ്റ് ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ സിനിമയിലെ വന്‍ പരാജയങ്ങളുടെ കൂട്ടത്തിലെ പുതിയ എന്‍ട്രി ആയിരുന്നു ഷങ്കറിന്‍റെ സംവിധാനത്തില്‍ എത്തിയ രാം ചരണ്‍ ചിത്രം ​ഗെയിം ചേഞ്ചര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ 2 ന്‍റെ വന്‍ പരാജയത്തിന് ശേഷം തന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമായതിനാല്‍ ഷങ്കറിനെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു ഈ ചിത്രം. പൊളിറ്റിക്കല്‍ ആക്ഷന്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 10 ന് ആയിരുന്നു. സംക്രാന്തി റിലീസ് ആയിരുന്നു ചിത്രം. 400 കോടി രൂപ ചെലവിട്ട് വമ്പന്‍ കാന്‍വാസിലാണ് ഷങ്കര്‍ ചിത്രം ഒരുക്കിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആയിരുന്നു നിര്‍മ്മാണം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 185 കോടി രൂപ മാത്രമാണ്. അതായത് ബജറ്റിന്‍റെ പകുതിയില്‍ താഴെ മാത്രം. കനത്ത ബോക്സ് ഓഫീസ് പരാജയമാണ് അത്.

അതേസമയം ഒടിടി സ്ട്രീമിം​ഗില്‍ പ്രേക്ഷ സ്വീകാര്യതയില്‍ ചിത്രം എന്തെങ്കിലും വ്യത്യാസം ഉണ്ടാക്കുമോ എന്നറിയാനുള്ള കൗതുകത്തിലാണ് സിനിമാലോകം. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 7 ന് സ്ട്രീമിം​ഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ കാണാം.

ALSO READ : അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; ‘ജന നായകന്‍റെ’ ഓവർസീസ് റൈറ്റ്‍സിന് റെക്കോർഡ് തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin