ജിസാൻ വാഹനാപകടം; പരിക്കേറ്റ ഇന്ത്യാക്കാരെ കോൺസുലേറ്റ് പ്രതിനിധി സംഘം സന്ദർശിച്ചു

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിലും കമ്പനി വക ലേബർ ക്യാമ്പിലും കഴിയുന്ന ഇന്ത്യക്കാരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം വൈസ് കോൺസൽ സയിദ്‌ ഖുദറത്തുള്ളയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സയിദ് കാശിഫ് എന്നിവരും സംഘടത്തിലുണ്ടായിരുന്നു. ജിസാൻ ബെയ്ഷ് ഇകണോമിക് സിറ്റിയിൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഒരു മലയാളിയടക്കം ഒമ്പത് ഇന്ത്യക്കാരും ആറ് മറ്റ് രാജ്യക്കാരും മരിച്ച അപകടമുണ്ടായത്. തൊഴിലാളികൾ സഞ്ചരിച്ച മിനി ബസും ട്രയിലറും കൂട്ടിയിടിച്ച അപകടത്തിൽ ഒമ്പത് ഇന്ത്യാക്കാരുൾപ്പടെ 11 പേർക്ക് പരിക്കുമേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ജിസാൻ കിങ് ഫഹദ് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബീഹാർ സ്വദേശി മുഹമ്മദ് മൊത്തീൻ ആലം, തെലങ്കാന സ്വദേശി ശ്രീധർ അരീപ്പള്ളി, ബെയിഷ് ജനറൽ ആശുപത്രിയിലുള്ള ബിഹാർ സ്വദേശി സന്തോഷ് കുമാർ സോണി, ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് ജൻഗിതി എന്നിവരെയാണ് കോൺസുലേറ്റ് സംഘം സന്ദർശിച്ചത്. മുഹമ്മദ് മൊത്തീൻ ആലത്തിനെയും ശ്രീധർ അരീപ്പള്ളിയെയും കഴിഞ്ഞ ദിവസം അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയിരുന്നു.

തലയ്ക്ക് ഗുരുതമായി പരിക്കോടെ അബോധാവസ്ഥയിൽ കഴിയുന്ന മുഹമ്മദ് മൊത്തീൻ അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ അറിയിച്ചു. ചികിത്സയിലുള്ള സഞ്‌ജയ്‌ യാദവ്, ഷംനാദ് എന്നിവർ അബഹ സൗദി ജർമൻ ആശുപത്രിയിൽനിന്നും മലയാളികളായ നിവേദ്, അക്ഷയ് ചന്ദ്രശേഖരൻ എന്നിവർ ബെയ്ഷ് ജനറൽ ആശുപത്രിയിൽനിന്നും അനിഖിത് ജിസാൻ കിങ് ഫഹദ് ആശുപത്രിയിൽനിന്നും കഴിഞ്ഞ ദിവസം ഡിസ്‌ചാർജായിരുന്നു. എസിഐസി സർവിസസ് എന്ന കമ്പനിയുടെ ബെയ്ഷ് ക്യാമ്പിൽ വിശ്രമത്തിൽ കഴിയുന്ന ഇവരെയും കമ്പനി  അധികൃതരെയും മറ്റ് ഇന്ത്യൻ ജീവനക്കാരെയും സന്ദർശിച്ച് കോൺസുലേറ്റ് സംഘം എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. പരിക്കേറ്റ ഇന്ത്യാക്കാരിൽ നാലുപേർ മാത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്. എ.സി.ഐ.സി സർവിസ് കമ്പനിയുടെ 26 ജീവനക്കാർ യാത്രചെയ്ത മിനി ബസിലേക്ക് അമിതവേഗതയിലെത്തിയ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു.

Read Also – കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറാം

15 പേർ സംഭവസ്ഥലത്ത് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എൻജിനീയറുമായ വിഷ്‌ണു പ്രസാദ് പിള്ള (31)യാണ് മരിച്ച മലയാളി. കമ്പനിയിലെ സേഫ്റ്റി ഓഫീസറന്മാരായ കണ്ണൂർ സ്വദേശി നിവേദ്, എടപ്പാൾ സ്വദേശി അക്ഷയ് ചന്ദ്രശേഖരൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ. ഗുജറാത്ത് സ്വദേശികളായ ദിനകർ ഭായ്, മുസഫർ ഹുസൈൻ ഖാൻ, ബിഹാർ സ്വദേശികളായ സക്ലാൻ ഹൈദർ, താരിഖ് ആലം, മുഹമ്മദ് മുഹ്ത്താഷിം, തെലങ്കാന സ്വദേശി മഹേഷ് കപള്ളി, ഉത്തരാഖണ്ഡ് സ്വദേശികളായ പുഷ്‌കർ വിങ്, മഹേഷ് ചന്ദ്ര എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. ഒമ്പത് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലയക്കുന്നതിനും ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജായി ക്യാമ്പിൽ വിശ്രമിക്കുന്നവരെ വിദഗ്‌ധ ചികിത്സയ്ക്കായി നാട്ടിലയക്കുന്നതിനും കമ്പനി അധികൃതരെ ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സഹായവും കോൺസുലേറ്റ് ചെയ്യുമെന്ന് വൈസ് കോൺസൽ സയിദ് ഖുദറത്തുള്ള അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin