മലയാളത്തിലെ റീ റിലീസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്‍. 2000 ല്‍ തിയറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയം നേടിയ ചിത്രം 24-ാം വര്‍ഷത്തിലാണ് 4 കെ, അറ്റ്‌മോസ് ദൃശ്യ- ശ്രാവ്യ മികവോടെ റീ റിലീസ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് ആയിരുന്നു ചിത്രത്തിന്റെ 4 കെ പതിപ്പിന്റെ റീ റിലീസ്. 4 കെ, ഡോള്‍ബി പതിപ്പ് ഒടിടിയിലേക്കും എത്തുകയാണ്. ഇപ്പോള്‍ ഇതാ റീലിസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. മനോരമ മാക്‌സിലൂടെ ഫെബ്രുവരി 7 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നാണ് ‘വല്യേട്ടന്‍’. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്തത്. 

2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടന്‍’ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. 

പ്രശസ്ത ദക്ഷിണേന്ത്യന്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് ‘വല്യേട്ടന്‍’. വന്‍വിജയമായി മാറിയ പൊന്നിയിന്‍ സെല്‍വന്‍, ബര്‍ഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം കൂടിയാണ് ‘വല്യേട്ടന്‍’.
 

By admin

Leave a Reply

Your email address will not be published. Required fields are marked *