ചെന്നൈയിൽ താമസിക്കുന്ന നാദാപുരം സ്വദേശിയുടെ വീട്ടിൽ ആക്രമണം,ഒറ്റ രാത്രിയിൽ അടിച്ചുതകർത്തത് 15 ജനൽ ചില്ലുകൾ

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഒലിപ്പില്‍ നാണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വീട്ടിലെ 15 ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്.

ഒരു മാസത്തില്‍ ഏറെയായി നാണുവും കുടുംബവും ചെന്നൈയില്‍ താമസിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ ഗ്ലാസുകള്‍ തകര്‍ന്നുവീഴുന്ന ശബ്ദും അയല്‍വാസികള്‍ കേട്ടിരുന്നു. പിന്നീട് രാവിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാണുവിനെയും കുടുംബത്തെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ എം എസ് സാജനും സംഘവും സ്ഥലത്ത് പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് ആൾക്കൂട്ട ആക്രമണം, യുവതിയെ അപമാനിച്ച കേസിൽ ജാമ്യത്തിലിറങ്ങിയയാളെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത താമരശ്ശേരിയിൽ ജയിലിൽ നിന്നിറങ്ങിയ മധ്യവയസ്കനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ടം മർദ്ദിച്ചെന്ന് പരാതി ഉയർന്നു എന്നതാണ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പെരുമ്പള്ളി സ്വദേശി കുഞ്ഞിമൊയ്തീനാണ് മര്‍ദനമേറ്റത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ റിമാൻഡിൽ ആയിരുന്നു കുഞ്ഞിമൊയ്തീൻ. കഴിഞ്ഞ ദിവസമാണ് ഇയാൾ ജാമ്യം കിട്ടി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കട്ടിപ്പാറയിലെ ബന്ധു വീട്ടിലായിരുന്ന കുഞ്ഞുമൊയ്തീനെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ള അഞ്ചുപേർ ജീപ്പിൽ കയറ്റി കൊണ്ടു പോയി വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു എന്നാണ് പരാതി. പോസ്റ്റിൽ കെട്ടിയിട്ട ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിമൊയ്തീനെതിരെ നേരത്തെ പരാതി നൽകിയ യുവതിയുടെ അടുത്ത ബന്ധുക്കളാണ് മർദ്ദിച്ചത്. അബ്ദുറഹ്മാന്‍, അനസ് റഹ്മാന്‍, ഉബൈദ്, പൊന്നൂട്ടന്‍, ഷാമില്‍ എന്നിവർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഇവർ ഒളിവിൽ ആണെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin