പാക്കിസ്ഥാൻ ജയിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യതൊഴിലാളി മരണപ്പെട്ടു
ദില്ലി: പാക്കിസ്ഥാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ബാബു മരണപ്പെട്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. 2022 മുതൽ പാക്കിസ്ഥാൻ ജയിലായിരുന്നു ബാബു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇന്ത്യൻ പൗരത്വം സ്ഥിരീകരിച്ചിട്ടും പാകിസ്ഥാൻ അധികൃതർ വിട്ടയച്ചില്ല. അതിനിടയിലാണ് മരണ വാർത്ത എത്തുന്നത്. കറാച്ചി ജയിലിൽ വെച്ച് ബാബു മരണപ്പെട്ടെന്നാണ് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 2 വർഷത്തിനിടെ പാക്കിസ്ഥാനിൽ മരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ മത്സ്യത്തൊഴിലാളിയാണ് ബാബു. അതേസമയം ശിക്ഷ പൂർത്തിയാക്കിയ 180 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലിൽ നിന്ന് മോചനത്തിനായി കാത്തിരിക്കുകയാണ്. തടവുകാരെ നേരത്തെ വിട്ടയക്കണമെന്ന ആവശ്യം പാക്കിസ്ഥാനോട് ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല അറിയിക്കാറുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പാകിസ്ഥാനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 ഭീകരരെ പാകിസ്താൻ സൈന്യം വധിച്ചു എന്നതാണ്. ലക്കി മർവാട്ട് ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ തെരച്ചിനിടെയാണ് 18 ഭീകരരെ വധിച്ചതെന്ന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ എസ് പി ആർ) അറിയിച്ചു. ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ 18 ഭീകരർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഇവിടെ പരിക്കേൽക്കുകയും ചെയ്തു. സമാനമായ രീതിയിൽ കാരക്ക് ജില്ലയിൽ നടത്തിയ ഓപ്പറേഷനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചു. ഖൈബർ ജില്ലയിൽ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലിൽ ഖർജി റിംഗ് നേതാക്കളായ അസീസ് ഉർ റഹ്മാൻ ഖാരി ഇസ്മായിൽ, ഖർജി മുഖ്‌ലിസ് എന്നിവരുൾപ്പെടെ നാല് ഭീകരരെ പാകിസ്ഥാൻ സൈന്യം വധിച്ചു. രണ്ട് ഭീകരർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.