‘ഷാരൂഖ് സാറിനുവേണ്ടി ആലോചിച്ചു, രജനി സാറിനുവേണ്ടി പിച്ച് ചെയ്തു’; നടക്കാതെപോയ സിനിമയെക്കുറിച്ച് പൃഥ്വിരാജ്

മലയാളികളല്ലാത്ത സിനിമാപ്രേമികളും അറിയുന്ന പേരാണ് ഇന്ന് പൃഥ്വിരാജ് സുകുമാരന്‍റേത്. മറുഭാഷകളിലെ ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചതിന്‍റെ നേട്ടമാണ് ഇത്. തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെട്ട ലൂസിഫറിന്‍റെ സംവിധായകനാണ് അദ്ദേഹമെന്നതും മറുഭാഷാ പ്രേക്ഷകര്‍ക്ക് അറിയാം. സംവിധാന അരങ്ങേറ്റ ചിത്രമായ ലൂസിഫറിലൂടെ മികവ് തെളിയിച്ചത് പൃഥ്വിരാജിന് ആ മേഖലയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം പല പ്രോജക്റ്റുകളും ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്തിടെ നടന്ന എമ്പുരാന്‍ ടീസര്‍ ലോഞ്ച് വേദിയില്‍ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

എമ്പുരാന്‍ ടീസര്‍ ലോഞ്ച് വേദിയില്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തോട് ചോദ്യം വന്നത്. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെ- “തങ്ങള്‍ക്കുവേണ്ടി ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ലൈക്ക പ്രൊഡക്ഷന്‍സ് എന്നെ സമീപിക്കുകയായിരുന്നു. അത് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. പക്ഷേ അത് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ യാഥാര്‍ഥ്യമാക്കേണ്ടിയിരുന്നു. പക്ഷേ ഒരു പാര്‍ട്ട് ടൈം സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. ലണ്ടനില്‍ വച്ച് ഞാന്‍ സുബാസ്കരന്‍ സാറിനെ (ലൈക്ക പ്രൊഡക്ഷന്‍സ് ഉടമ) കണ്ടു. ഞങ്ങള്‍ ഒരുമിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്. രജനിസാറുമായി ചെയ്യാനുള്ള ചിത്രത്തിന്‍റെ ഐഡിയ ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു”, പൃഥ്വിരാജ് പറയുന്നു.

“ശരിക്കും ഹിന്ദിയില്‍ സിനിമ ചെയ്യാനുള്ള അവസരം വന്നപ്പോള്‍ ആലോചിച്ച ആശയമായിരുന്നു അത്. ആ ചിത്രം ഷാരൂഖ് സാറിന്‍റെ മുന്നില്‍ അവതരിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. രജനികാന്ത് ചിത്രമെന്ന നിലയില്‍ ഈ ആശയം സുബാസ്കരന്‍ സാറിനെ ആവേശം കൊള്ളിച്ചു. പക്ഷേ ആ ആശയം വികസിപ്പിക്കാന്‍ എനിക്ക് സമയം ഉണ്ടായിരുന്നില്ല. കാരണം എനിക്ക് ആടുജീവിതത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കേണ്ടിയിരുന്നു. അതിനാല്‍ ആ പ്രോജക്റ്റ് മുന്നോട്ട് പോയില്ല. പക്ഷേ സുബാസ്കരന്‍ സാറുമായി പിന്നീടുണ്ടായ ഊഷ്മളമായ ഒരു ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്. എമ്പുരാന്‍റെ സഹനിര്‍മ്മാതാക്കളായി ലൈക്കയെ എത്തിച്ചതും ആ ബന്ധമാണ്”, പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; ‘സ്പ്രിംഗി’ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin