കണ്ണാടി പോലെ ഇത്രയേറെ ജനശ്രദ്ധയാകർഷിച്ച ഒരു ദൃശ്യമാധ്യമ പംക്തി സങ്കൽപ്പത്തിൽ പോലുമുണ്ടാവില്ല; കൽപ്പറ്റ നാരായണൻ
കൽപ്പറ്റ: ടിഎൻ ഗോപകുമാർ ഭാവുകത്വമുള്ള പത്രപ്രവർത്തകനായിരുന്നുവെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. വയനാട് ദുരന്തം ലോകത്തിന്റെ മുന്നിൽ ഇത്രത്തോളം ശ്രദ്ധാ കേന്ദ്രമായി വരാൻ കാരണം ദൃശ്യമാധ്യമങ്ങളുടെ മത്സരമായിരുന്നുവെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ആരോഗ്യകരമായ മത്സരമായിരുന്നു അത്. പത്രങ്ങളുടെ കാലമല്ല, ദൃശ്യ മാധ്യമങ്ങളുടെ കാലമാണിതെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ടിഎൻജി പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനവും സാംസ്കാരിക പ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ആയി മാറാമെന്ന് തെളിയിച്ച് വലിയൊരു ദിശാബോധം മാധ്യമ പ്രവർത്തനത്തിന് നൽകാൻ ഏഷ്യാനെറ്റിന് സാധിച്ചു. അസാധാരണരായ ചിലരായിരുന്നു അതിന്റെ തുടക്കക്കാർ എന്നതാണ് കാരണം. സ്നേഹ സമ്പന്നരായ ആളുകളിൽ പ്രധാനിയായിരുന്നു ടിഎൻ ഗോപകുമാർ. അദ്ദേഹം പുതിയ ഒരു പരിപാടി ഇവിടെ അവതരിപ്പിച്ചു. ആ കണ്ണാടി കാണാൻ ആളുകൾ കാത്തിരുന്നു. ഇത്രയേറെ ജനശ്രദ്ധയാകർഷിച്ച ഒരു ദൃശ്യമാധ്യമ പംക്തി ഒരുപക്ഷേ സങ്കൽപ്പത്തിൽ പോലുമുണ്ടാവില്ല. അസാധ്യമായിരുന്നു അതിന്റെ ജനപിന്തുണയെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.