ഡല്‍ഹിക്ക് ടോസ്; കോലി രഞ്ജി കളിക്കുന്നത് കാണാന്‍ രണ്ട് കിലോമീറ്റര്‍ നീണ്ട നിര; മത്സരം കാണാന്‍ ഈ വഴികള്‍

ദില്ലി: 12 വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തുന്നത് കാണാന്‍ ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. 9.30നാണ് മത്സരമെങ്കിലും മണിക്കൂറുള്‍ക്ക് മുമ്പ് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടി. ‘ആര്‍സിബി… ആര്‍സിബി…’ ചാന്റുകളും ആരാധകര്‍ മുഴക്കി. റെയില്‍വേസിനെതിരായ മത്സരത്തിലാണ് കോലി കൡക്കുന്നത്. ആദ്യദിനം തന്നെ കോലിയുടെ ബാറ്റിംഗ് ആസ്വദിക്കാനാവുമോ എന്ന് കാത്തിരുന്ന് കാണാം. കാരണം, ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശവും സമീപകാലത്തെ മോശം ഫോമുമാണ് വിരാട് കോലി രഞ്ജി ട്രോഫി കളിക്കാന്‍ കാരണമായത്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. എലൈറ്റ് ഗ്രൂപ്പ് ഡി പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. റെയില്‍വെസാകട്ടെ നാലാം സ്ഥാനത്താണിപ്പോള്‍. റെയില്‍വെസിനെതിരായ രഞ്ജി മത്സരം കളിച്ചശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായി കോലി നാഗ്പൂരിലേക്ക് പോകും. ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്.

സൗജന്യമായി കാണാനുള്ള വഴികള്‍

നേരത്തെ ഡല്‍ഹിയുടെ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഇല്ലായിരുന്നു. എന്നാല്‍ വിരാട് കോലി കളിക്കുമെന്ന് ഉറപ്പായതോടെ ബിസിസിഐ ഇടപെട്ട് മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും മത്സരം ലൈവ് സ്ട്രീമിംഗിലും തത്സമയം സൗജന്യമായി കാണാനാവും.

കാണികള്‍ക്ക് സൗജന്യ പ്രവേശനം

സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യ പ്രവേശനമായിരിക്കുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ് മാത്രം കൈയില്‍ കരുതിയാല്‍ മതിയാവും. സ്റ്റേഡിയത്തിലെ ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡിലെ 16, 17 ഗേറ്റുകളിലൂടെയും കാണികളെ പ്രവേശിപ്പിക്കുകയെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അശോക് കുമാര്‍ ശര്‍മ പറഞ്ഞു.

By admin